സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം
|ജിസാൻ, നജ്റാൻ, ഖമീസ് നഗരങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം
സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ജിസാൻ, നജ്റാൻ, ഖമീസ് നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ജിസാനിലെ എണ്ണ ടെർമിനലിൽ ഡ്രോൺ പതിച്ച് അഗ്‌നിബാധയുണ്ടായതായി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. യെമൻ പ്രശ്നപരിഹാര ഫോർമുല പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുന്നതിനടയിലാണ് വീണ്ടും സൗദിക്കു നേരെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സൗദിക്ക് നേരെ വീണ്ടും തുടർച്ചയായ ഡ്രോൺ ആക്രമണം ഉണ്ടായത്. വടക്കൻ അതിർത്തി നഗരങ്ങളെ ലക്ഷ്യമാക്കി വന്ന എട്ട് ഡ്രോണുകൾ സഖ്യസേന തകർത്തതായി സേനാ വക്താവ് കേണൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ഡ്രോൺ പതിച്ച് ജിസാനിലെ എണ്ണ ടെർമിനലിലെ ഓയിൽ ടാങ്കറിന് അഗ്‌നിബാധയുണ്ടായതായി ഊർജ്ജ മന്ത്രാലയവും സ്ഥിരികരിച്ചു.
അതിർത്തി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദി അറേബ്യ യെമൻ പ്രശ്ന പരിഹാരത്തിന് പുതിയ ഫോർമുല സമർപ്പിച്ച രണ്ട് ദിവസം പിന്നടുന്നതിനിടെയാണ് വീണ്ടും കൂട്ട ആക്രമണം നടന്നത്.