Saudi Arabia
റമദാനിൽ ഉംറ നിർവ്വഹിക്കുവാൻ കോവിഡ് വാക്‌സിൻ നിർബന്ധമില്ല
Saudi Arabia

റമദാനിൽ ഉംറ നിർവ്വഹിക്കുവാൻ കോവിഡ് വാക്‌സിൻ നിർബന്ധമില്ല

Web Desk
|
2 April 2021 2:10 AM GMT

ഈ വർഷം റമദാനിൽ അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ ഉംറ നിർവ്വഹിക്കാൻ മക്കയിലെത്തുമെന്നാണ് പ്രതീക്ഷ

സൗദിക്കകത്ത് നിന്നും വിശുദ്ധ റമദാൻ മാസത്തിൽ ഉംറ നിർവ്വഹിക്കുവാൻ മക്കയിലെത്തുന്ന തീർത്ഥാടകർ കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാൽ ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് സേവനങ്ങൾ ചെയ്യുന്ന ജീവനക്കാർ റമദാൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്‌സിൻ സ്വീകരിച്ചിരിക്കണം. കുത്തിവെപ്പെടുക്കാത്ത ജീവനക്കാർ ഓരോ ആഴ്ചയിലും കാലാവധിയുള്ള പി.സി.ആർ നെഗറ്റീഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

തീർത്ഥാടകർക്ക് വാക്‌സിൻ നിർബന്ധമില്ലെങ്കിലും, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഉംറക്കും നമസ്‌കാരത്തിനുമുള്ള പെർമിറ്റുകൾ കരസ്ഥമാക്കുക, തവക്കൽനാ ആപ്പ് പ്രവർത്തനസജ്ജമാക്കുക തുടങ്ങിയ മുഴുവൻ ചട്ടങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം. ചട്ടങ്ങളിൽ വീഴ്ചവരുത്തുന്നവരെ കണ്ടെത്തുന്നതിനായി റമദാനിൽ പരിശോധന ശക്തമാക്കുമെന്ന് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

റമദാനിൽ ഹറം പള്ളിയിൽ തിരക്ക് വർധിക്കുന്നതിനാൽ മക്കയിലേക്ക് വരുന്നവർ സമയനിഷ്ട പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. പെർമിറ്റിൽ രേഖപ്പെടുത്തിയ സമയത്ത് മസ്ജിദുൽ ഹറമിലെത്തുന്നതിനനുസരിച്ചായിരിക്കണം അത് ക്രമീകരിക്കേണ്ടത്. നേരത്തെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽനിന്ന് തിരിച്ചയക്കും. 18 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് ഉംറ നിർവ്വഹിക്കുവാൻ ഇഅ്തമർനാ ആപ്പ് വഴി അനുമതി നേടാം.

റമദാൻ മാസത്തിൽ അഞ്ച് ലക്ഷത്തിലേറെ ഉംറ തീർത്ഥാടകർ പുണ്യഭൂമിയിലെത്തുമെന്നാണ് പ്രതീക്ഷ. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർ വാക്‌സിൻ സ്വീകരിച്ചവരാണെങ്കിലും, സൗദിയിലെത്തിയാൽ 3 ദിവസം ക്വാറന്‍റൈന്‍ പൂർത്തിയാക്കണം. ഈ വർഷം സൗദിക്കകത്ത് നിന്ന് ഹജ്ജിനെത്തുന്ന തീർത്ഥാടകർ ദുൽ ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതർ അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts