റമദാനിൽ വിശ്വാസികളെ സ്വീകരിക്കുന്നതിനായി മക്ക ഒരുങ്ങി: പ്രതിദിനം ഒന്നരലക്ഷം വിശ്വാസികൾക്ക് അനുമതി
|ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളവും വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഒരുങ്ങി കഴിഞ്ഞു.
റമദാനിൽ മക്കയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഹറം പള്ളിയിൽ നമസ്‌കാരത്തിനും ഉംറക്കുമെത്തുന്ന വിശ്വാസികൾക്കും പ്രത്യേകം ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളവും വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഒരുങ്ങി കഴിഞ്ഞു.
റമദാനിൽ പ്രതിദിനം അരലക്ഷം പേർക്ക് ഉംറ ചെയ്യാനും ഒരു ലക്ഷം പേർക്ക് നമസ്കാരം നിർവ്വഹിക്കാനാകും വിധമാണ് മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. റമദാനിൽ മക്കയിലെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് സേവനം ചെയ്യുന്നതിനായി സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ള പരിശീലനം ലഭിച്ച നാലായിരത്തി അഞ്ഞൂറോളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ത്വവാഫ് കർമ്മം ചെയ്യുന്നതിനായി 14 ലൈനുകളുണ്ടാകും.
അതിൽ കഅ്ബയോട് ചേർന്ന് വരുന്ന ആദ്യത്തെ മൂന്ന് ലൈനുകൾ പ്രായമേറിയവർക്കും ആരോഗ്യ പ്രയാസങ്ങളുള്ളവർക്കും, അംഗപരിമിതർക്കും മാത്രമായിരിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും ത്വവാഫും മറ്റുകർമ്മങ്ങളും നടക്കുക. വിമാനത്താവളം വഴിയെത്തുന്ന തീർത്ഥാടകർക്ക് സേവനം ചെയ്യുന്നതിനായി സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലും ഒരുക്കങ്ങൾ സജീവമാണ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തില്‍ തീർത്ഥാടകരെ സ്വീകരിക്കുന്നതിനും, തിരിച്ചയക്കുന്നതിനുമായി നോർത്ത് ടെർമിനലിലും, ഒന്നാം നമ്പർ ടെർമിനലിലും ക്രമീകരണങ്ങൾ നടന്ന് വരുന്നു.