സൗദിയിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
|കൊവിഡ് വാക്സിന്റെ രണ്ടാം ഡോസെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്കായിരുന്നു നേരത്തെ സൗദിയിൽ ബുസ്റ്റർ ഡോസ് നൽകിയിരുന്നത്
ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കാത്തയാളുകൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇവർക്ക് അടുത്ത മാസം മുതൽ തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് സൗദി ആരോഗ്യ മന്ത്രലയം അറിയിച്ചു. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്കായിരുന്നു നേരത്തെ സൗദിയിൽ ബുസ്റ്റർ ഡോസ് നൽകിയിരുന്നത്.
രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിച്ചതോടെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള ഇടവേള മൂന്ന് മാസമാക്കി കുറച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് 8 മാസം പിന്നിടുന്നതിന് മുമ്പ് ബൂസ്റ്റർ ഡോസ് എടുക്കാത്തവരുടെ ഇമ്മ്യൂൺ പദവി നഷ്ടമാകുമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഫെബ്രൂവരി ഒന്ന് മുതലാണ് ഈ ചട്ടം പ്രാബല്യത്തിൽ വരിക. ഇതോടെ നിലവിൽ തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ പദവിയുള്ള പലർക്കും അടുത്ത മാസം മുതൽ ഇമ്മ്യൂൺ പദവി അപ്രത്യക്ഷമാകും. ഇവർക്ക് ജോലിക്ക് ഹാജരാകുവാനോ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുവാനോ അനുവാദമുണ്ടാകില്ല. ഇത് ഒഴിവാക്കുന്നതിനായി രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂർത്തിയാകാത്തവർ് ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലെങ്കിലും ഇമ്മ്യൂൺ പദവി നഷ്ടമാകില്ല. എന്നാൽ കോവിഡ് ബാധമൂലമുളള പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി വേഗത്തിൽ ബൂസ്റ്റർ ഡോസെടുക്കുന്നതാണ് നല്ലതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇത് വരെ അമ്പത്തി അഞ്ചര ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസെടുത്തിട്ടുണ്ട്.