Saudi Stories
സൗദിയിലെ മാളുകളില്‍ സ്വദേശിവല്‍ക്കരണം: 15000 സ്വദേശികള്‍ക്ക് തൊഴിലവസരമെന്ന്  മാനവ വിഭവശേഷി മന്ത്രാലയം
Saudi Stories

സൗദിയിലെ മാളുകളില്‍ സ്വദേശിവല്‍ക്കരണം: 15000 സ്വദേശികള്‍ക്ക് തൊഴിലവസരമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

Web Desk
|
8 Aug 2021 3:27 AM GMT

ഈ വര്‍ഷം 33 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രാലയം

സൗദി അറേബ്യയിലെ മാളുകളില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം വഴി 15000 സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. പദ്ധതി വഴി ഇതിനകം 4000 പേര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഈ വര്‍ഷം 33 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഷോപ്പിംഗ് മാളുകളില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം വഴി പുതുതായി 15000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മാജിദ് അല്‍ ദഹ് വി പറഞ്ഞു. പദ്ധതി വഴി ഇതിനകം 4000 സ്വദേശികള്‍ തൊഴില്‍ നേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പദ്ധതികളെയും പോലെ സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ഈ പദ്ധതിയും നടപ്പിലാക്കിയതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. പദ്ധതി വഴി സ്ഥാപനങ്ങള്‍ക്ക് പ്രശ്‌നം നേരിടുന്ന പക്ഷം മന്ത്രാലയം ആവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം മുപ്പത്തിമൂന്ന് മേഖലകളിലെ സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. ഇതില്‍ 11 എണ്ണമാണ് ഇതിനകം പൂര്‍ത്തിയായത്. ബാക്കിയുള്ളവ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രാലയ അണ്ടര്‍ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് രാജ്യത്തെ മാളുകളിലെ സ്ഥാപനങ്ങളില്‍ പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയത്. പരിമിതമായ തസ്തികകളിലൊഴിച്ച് ബാക്കി മുഴുവന്‍ തസ്തികകളും സ്വദേശികള്‍ക്ക് മാത്രമായി മാറ്റിവെച്ച് കൊണ്ടാണ് മന്ത്രാലയം ഉത്തരവിറക്കിയത്.

Related Tags :
Similar Posts