Science
ഭൂമിയില്‍ വെള്ളമെത്തിയത് ഛിന്നഗ്രഹങ്ങള്‍ വഴിയാവാം : വഴിത്തിരിവായി പുതിയ പഠനം
Science

ഭൂമിയില്‍ വെള്ളമെത്തിയത് ഛിന്നഗ്രഹങ്ങള്‍ വഴിയാവാം : വഴിത്തിരിവായി പുതിയ പഠനം

Web Desk
|
16 Aug 2022 4:01 PM GMT

ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞതിന് സുപ്രധാന പങ്ക് വഹിക്കുന്ന അമിനോ ആസിഡ്‌സ് ബഹിരാകാശത്ത് ഉത്ഭവിച്ചതാണെന്നതിന്റെ സൂചനകളും പഠനത്തിലൂടെ ലഭിച്ചിരുന്നു

ടോക്കിയോ : ഭൂമിയില്‍ വെള്ളമെത്തിയത് ഛിന്നഗ്രഹങ്ങള്‍ വഴിയാവാമെന്ന് പഠനം. ജാപ്പനീസ് സ്‌പേസ് മിഷന്റെ ഭാഗമായി അയച്ച സ്‌പേസ് പ്രോബ് ഹയാബുസ-2 ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ഭൂമിയില്‍ ജീവന്‍ ഉടലെടുത്തതിനും സൗരയൂഥത്തിന്റെ രൂപീകരണത്തിനും പിന്നിലുള്ള നിര്‍ണായകമായ സൂചനകളാണ് പഠനത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇതുകൊണ്ട് തന്നെ റ്യൂഗ് എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച മണ്ണും പാറകളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന്റെ പുറം അരികുകളിലുള്ള ഛിന്നഗ്രഹങ്ങളില്‍ നിന്ന് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ വെള്ളമെത്തിയതായിരിക്കാം എന്നതാണ് ഇതുവരെയുള്ള പഠനത്തില്‍ നിന്ന് മനസ്സിലായിരിക്കുന്നത്.


നേച്ചര്‍ അസ്‌ട്രോണമി ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഭൂമിയില്‍ വെള്ളമുണ്ടായതിന് സി-ടൈപ്പ് ഛിന്നഗ്രഹങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ്. ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞതിന് സുപ്രധാന പങ്ക് വഹിക്കുന്ന അമിനോ ആസിഡ്‌സ് ബഹിരാകാശത്ത് ഉത്ഭവിച്ചതാണെന്നതിന്റെ സൂചനകളും പഠനത്തിലൂടെ ലഭിച്ചിരുന്നു. എന്നാല്‍ ഭൂമിയില്‍ ജലം ഉത്ഭവിച്ചതിന് പിന്നില്‍ ഛിന്നഗ്രഹങ്ങള്‍ മാത്രമല്ലെന്നും മറ്റ് പല വസ്തുക്കളും ജലമുണ്ടാവാന്‍ കാരണമായേക്കാം എന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

2014ലാണ് റ്യൂഗില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്നതിനായി ഹയബുസ-2 അയച്ചത്. ആറ് വര്‍ഷത്തെ പ്രയാണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഭൂമിയില്‍ തിരിച്ചെത്തി.

Similar Posts