ഭൂമിയെ ലക്ഷ്യമാക്കി കൂറ്റൻ ഛിന്നഗ്രഹം; മൂന്നെണ്ണം പിന്നാലെ: മുന്നറിയിപ്പുമായി നാസ
|വരും ദിവസങ്ങളിൽ ഇവ ഭൂമിയോട് അടുക്കും
വാഷിങ്ടൺ: ഭൂമിയെ ലക്ഷ്യമാക്കി ഒരു ഭീമൻ ഛിന്നഗ്രഹം കുതിച്ചുവരുന്നുണ്ട്. അതും മണിക്കൂറിൽ 73,055 കിലോ മീറ്റർ വേഗത്തിൽ. അതിവേഗം സഞ്ചരിക്കുന്ന എൻ.എഫ് 2024 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം വരും ദിവസങ്ങളിൽ ഭൂമിയോട് അടുക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാസ. അതിൽ ഇന്ന് എൻ.എഫ് 2024 ഭൂമിക്ക് ഏറ്റവുമടുത്തെത്തും. പക്ഷെ ഇത് ഭൂമിക്ക് ഭീഷണിയാവില്ലെന്നും വിദഗ്ദർ പറയുന്നു.
ഏകദേശം ഒരു വിമാനത്തിന്റെ വലിപ്പമുള്ള എൻ.എഫ് 2024 അപ്പോളൊ ഗ്രൂപ്പിൽ ഉൾപ്പെടുന്ന നിയർ എർത്ത് ആസ്റ്ററോയിഡ് വിഭാഗത്തിൽപ്പെടുന്നതാണ്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ നിരീക്ഷണമനുസരിച്ച് ഭൂമിയിൽ നിന്ന് ഏകദേശം 48 കിലോമീറ്റർ അകലെ കൂടിയാണ് ഛിന്നഗ്രഹം കടന്നുപോവുക.
എൻ.എഫ് 2024 നെ കൂടാതെ മറ്റ് ചില ഛിന്നഗ്രഹങ്ങൾ കൂടി വരും ദിവസങ്ങളിൽ ഭൂമിയ്ക്കരികിലൂടെ കടന്നുപോവും. ബിവൈ15, എൻ.ജെ3, എം.ജി1, എന്നിവ 42.5 ലക്ഷം കിലോമീറ്റർ മുതൽ 62 ലക്ഷം കിലോമീറ്റർ അകലത്തിലൂടെ കടന്നുപോവും. ഇവയിൽ ഏറ്റവും വലുത് എൻഎഫ് 2024 തന്നെയാണ്. ഇവയും ഭൂമിക്ക് ഭീഷണിയാവില്ല.
ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകുന്ന ബഹിരാകാശ വസ്‌തുക്കളെ നാസ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഭൂമിയിലെ ജീവന് വലിയ അപകടം ഇവയുടെ കൂട്ടയിടി കൊണ്ട് സംഭവിക്കും എന്നതിനാലാണിത്. ഭാവിയിൽ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജൻസികളെല്ലാം ആലോചിക്കുകയാണ്. സാധാരണഗതിയിൽ ഭൂമിക്ക് 4.6 മില്യൺ മൈൽ (7.4 ലക്ഷം കിലോമീറ്റർ) എങ്കിലും അടുത്തെത്തുന്ന 150 മീറ്ററിലധികം വ്യാസമുള്ള ഛിന്നഗ്രങ്ങളാണ് ഭൂമിക്ക് ഭീഷണിയായി മാറാറുള്ളൂ. ഇന്ന് 2024 എൻഎഫ് 30 ലക്ഷം മൈൽ വരെ ഭൂമിക്ക് അരികിലെത്തുമെങ്കിലും വലിപ്പം കുറവായതിനാൽ അപകടകാരിയാവില്ല. ഭൗമാന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ ഛിന്നഗ്രഹങ്ങൾ കത്തിയമരാറുണ്ട്.
ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടി കൂട്ടവംശനാശത്തിലേക്ക് നയിക്കുമെന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താൽ ഭാവിയിൽ അത്തരം ഒരു സാഹചര്യത്തെ നേരിടാൻ തയ്യാറെടുക്കുകയാണ് നാസ. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം വഴിതിരിച്ചുവിടാൻ ലക്ഷ്യമുള്ള ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്) പോലുള്ള ദൗത്യങ്ങൾ അതിന് വേണ്ടിയുള്ളതാണ്.