
ഇലക്ട്രോണുകളെ പഠിക്കാൻ പ്രകാശ പരീക്ഷണങ്ങൾ നടത്തിയ മൂന്നു പേർക്ക് ഭൗതികശാസ്ത്ര നൊബേൽ

ആറ്റത്തിനും തന്മാത്രയ്ക്കും അകത്തുള്ള ഇലക്ട്രോണുകളെ അടുത്തറിയാനുള്ള പരീക്ഷണങ്ങളിലാണ് മൂവരും വ്യാപൃതരായത്.
സ്റ്റോക്‌ഹോം: ഇലക്ട്രോണുകളുടെ സ്വഭാവത്തെ കുറിച്ച് പഠിക്കാൻ പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ ഉപയോഗിച്ച മൂന്നു ശാസ്ത്രജ്ഞർക്ക് 2023ലെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം. യുഎസ് ഗവേഷകൻ പിയറി അഗസ്റ്റിനി, ജർമൻ ഗവേഷകൻ ഫെറെൻ ക്രാസ്, സ്വീഡിഷ് ഗവേഷക ആൻ ലൂലി എന്നിവരാണ് പുരസ്‌കാര നേട്ടത്തിന് അർഹരായത്.
പദാർത്ഥത്തിലെ ഇലക്ട്രോൺ ഡൈനാമിക്‌സിനെ കുറിച്ചുള്ള പഠനത്തിൽ, പ്രകാശത്തിന്റെ സൂക്ഷ്മസ്പനന്ദനങ്ങൾ ഉത്പാദിപ്പിക്കുന്ന പരീക്ഷണങ്ങൾ രൂപപ്പെടുത്തിയവരാണ് മൂന്നു പേരുമമെന്ന് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
ആറ്റത്തിലെയും തന്മാത്രകളിലെയും ഇലക്ട്രോണുകളുടെ സഞ്ചാരം അതിവേഗത്തിലാണ്. അതുകൊണ്ടു തന്നെ ആറ്റോസെക്കൻഡിലാണ് ഇവയെ അളക്കാനാകുന്നത്. ആറ്റത്തിനും തന്മാത്രയ്ക്കും അകത്തുള്ള ഇലക്ട്രോണുകളുടെ ലോകത്ത് പുതിയ സാധ്യതകൾ കണ്ടെത്തുകയായിരുന്നു ഗവേഷകർ- നൊബേല്‍ കുറിപ്പില്‍ പറയുന്നു.
ഭൗതിക ശാസ്ത്രത്തിൽ നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ ലൂലി. 11 ദശലക്ഷം സ്വീഡിഷ് ക്രൗൺ (10 ലക്ഷം യുഎസ് ഡോളർ) ആണ് പുരസ്‌കാരത്തുക.