കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ കാർ ഇടിച്ച് ബി.ജെ.പി പ്രവർത്തകന് ദാരുണാന്ത്യം
|ബെംഗളൂരു നോർത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ ശോഭയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അപകടം
ബെംഗളൂരു: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ കാർ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബി.ജെ.പി പ്രവർത്തകനു ദാരുണാന്ത്യം. ബെംഗളൂരുവിലെ കെ.ആർ പുരത്താണു സംഭവം. സ്ഥാനാർഥിക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ടി.സി പാളയം സ്വദേശി പ്രകാശ്(63) ആണു ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്.
ബെംഗളൂരു നോർത്ത് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയാണ് ശോഭ. ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു കെ.ആർ പുരത്തെ റോഡ് ഷോ. റാലി ദേവസാന്ദ്രയിലെ വിനായക ക്ഷേത്രത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
മന്ത്രിയുടെ കാറിലുണ്ടായിരുന്ന ഒരു നേതാവ് ഡോർ തുറന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ഇതുവഴി എത്തിയ സ്കൂട്ടർ ഡോറിൽ ഇടിച്ച് യാത്രികനായ പ്രകാശ് റോഡിലേക്കു വീണു. പിന്നാലെ എതിർവശത്തുനിന്ന് എത്തിയ ബസ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്തു വച്ചുതന്നെ പ്രകാശ് മരിച്ചെന്നാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ ശോഭ കരന്ദലജെ കാറിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കാറിന്റെയും ബസിന്റെയും ഡ്രൈവർമാർക്കെതിരെ ഐ.പി.സി 304, 283 വകുപ്പുകൾ പ്രകാരം കേസെടുത്തു.
അപകടത്തിൽ പാർട്ടി പ്രവർത്തകനാണു ജീവൻ നഷ്ടമായിരിക്കുന്നതെന്ന് ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു. റാലിയുടെ മുൻവശത്തായിരുന്നു സംഭവസമയത്ത് തങ്ങളുണ്ടായിരുന്നത്. അവസാന ഭാഗത്ത് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ച് അദ്ദേഹം വീഴുകയായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു. സംഭവത്തിൽ അതീവ ദുഃഖമുണ്ട്. പാർട്ടി കുടുംബത്തോടൊപ്പമുണ്ട്. അവർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
Summary: BJP worker dies after two-wheeler collides with Union Minister Shobha Karandlaje's car in election rally in Bengaluru's KR Puram