ഹൈദരാബാദ് സര്‍വ്വകലാശാല; മുഖ്യധാരയുടെ മുഖപടങ്ങള്‍
|ഭരണകൂട - മാധ്യമ കൂട്ടുകെട്ടുകള്‍ മെനയുന്ന കെട്ടുകഥകള്‍ക്കനുസരിച്ച് ചിന്തിക്കാന്‍ തയ്യാറല്ലാത്ത ഈയൊരു വിദ്യാര്‍ഥി മുന്നേറ്റം തന്നെയാണ് ഭാവി ജനാധിപത്യത്തിന് രൂപം നല്‍കുക.
ഹൈദരാബാദ് സര്‍വ്വകലാശാല സമീപകാലത്ത് നമ്മുടെ രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള സാമൂഹിക നീതിക്കു വേണ്ടിയുള്ള സമരങ്ങളാല്‍ മുഖരിതമാണ്. രോഹിത് വെമുലയെന്ന ദലിത് ഗവേഷക വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന അപ്പാ റാവു ചെറിയൊരു ഇടവേളക്കു ശേഷം വൈസ്ചാന്‍സിലറായി തിരിച്ചുവന്നതോടെയാണ് പ്രക്ഷോഭങ്ങള്‍ പൊട്ടിപുറപ്പെട്ടത്. അന്വേഷണവിധേയമായി അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചിരുന്ന അപ്പാറാവു പുതിയ നീക്കങ്ങളുമായി വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താന്‍ തുനിയുകയാണ്. പൊലീസിന്‍റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല ഭരണകര്‍ത്താക്കള്‍ അതിക്രൂരമായി ഭിന്നസ്വരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അത്തരം നടപടികള്‍ അവിടെ മാത്രമല്ല മുംബൈയിലോ ചെന്നെയിലോ കോഴിക്കോട്ടോ മറ്റെവിടെയായാലും സമാനരീതിയിലുള്ള അനന്തരഫലങ്ങള്‍ അനുഭവിക്കണ്ടിവരുമെന്നാണ് ഭരണകൂടം താക്കീത് ചെയ്യുന്നത്.
ഈ വിഷയത്തില്‍ ഭരണവര്‍ഗം സ്വീകരിക്കുന്ന ഇത്തരമൊരു നിലപാട് പല രീതികളിലും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വിശേഷിച്ചും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി മുതല്‍ എച്ച്സിയു എബിവിപി പ്രസിഡന്‍റ് സുശീല്‍ കുമാര്‍ വരെയുള്ളവരുടെ ഇടയില്‍ നിലനില്‍ക്കുന്ന വളരെ സുദൃഡമായൊരു ബന്ധം ഇത്തരം ചോദ്യങ്ങളെ സാധൂകരിക്കുന്നു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സുപ്രധാനമായ ഇടപെടലുകള്‍ രാജ്യത്ത് രൂപം കൊള്ളുന്ന ദലിത് -ബഹുജന രാഷ്ട്രീയത്തിന്‍റെ പ്രായോഗികതയെ ഏതുവിധേയനെയും ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യംവച്ചുള്ളതാണ്. എന്നാല്‍ ഇത്തരത്തിലുള്ള വ്യാപകമായ ശാക്തിക പ്രയോഗത്തിനു മുമ്പിലും അടിയറവയ്ക്കാന്‍ തയ്യാറല്ലാത്ത പുതുവിദ്യാര്‍ഥി യൌവനം നമുക്ക് നല്‍കുന്നത് പ്രത്യാശപൂര്‍വ്വമായ ഒരു ഭാവി രാഷ്ട്രീയത്തെ തന്നെയാണ്. തുടര്‍ച്ചയായ സമരപോരാട്ടങ്ങളലില്‍ മുന്‍ നിരകളില്‍ നിലയുറപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് അടിച്ചമര്‍ത്തപ്പെട്ടവനോടുള്ള ഐക്യദാര്‍ഢ്യവും രോഹിത് അവശേഷിപ്പിച്ച പോരാട്ട വീര്യവുമാണ്. ഇത്തരമൊരു രാഷ്ട്രീയത്തിന്‍റെ സാധുതയെക്കുറിച്ച് മുഖ്യധാരാ സംഘബോധത്തിനുള്ള അസ്വസ്ഥത വളരെ വ്യക്തമായി നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. ഭരണവര്‍ഗങ്ങളുടെ ഇടവഴികളിലും അണിയറകളിലും മെനഞ്ഞെടുക്കപ്പെടുന്ന തിരക്കഥകള്‍ ത്വരിതഗതിയില്‍ പ്രചരിക്കുന്നത് നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളില്‍ നിന്നും പൊതുജനശ്രദ്ധ അകറ്റി നിര്‍ത്താന്‍ മാത്രമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയമായ വിവേചനങ്ങള്‍ക്ക് അറുതി വരുത്താനുള്ള രോഹിത് ആക്റ്റിനു വേണ്ടിയുള്ള പ്രക്ഷോഭം ഡല്‍ഹിയുടെ പടിവാതില്‍ക്കലിലെത്തിയപ്പോള്‍ പ്രചരിക്കപ്പെട്ട തിരക്കഥയാണ് ജെഎന്‍യുവിലെ ദേശീയത വ്യവഹാരങ്ങള്‍. ദേശസ്നേഹത്തിന്‍റെ കുത്തക അവകാശപ്പെടുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന കാലത്ത് ദേശത്തിന്‍റെ അഖണ്ഡതയെയും സംരക്ഷണത്തെയും കുറിച്ചുള്ള വാഗ്വാദങ്ങള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്. എന്നാല്‍ അത്തരം വാചാടോപങ്ങളില്‍ അരികുവല്‍ക്കരിക്കപ്പെടുന്നത് രോഹിത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുന്നതിന് പകരം "ദേശഭക്തി'' പ്രഭാഷണങ്ങളും "സാക്ഷ്യപത്ര'' സമര്‍പ്പണങ്ങളുമായാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥി സംഘടകള്‍ ഈയൊരു ഗൂഢാലോചന യജ്ഞത്തെ നേരിട്ടത്. അതിനാല്‍ തന്നെ ഇന്ത്യയിലെ ദേശീയോല്‍ഗ്രഥന സ്ഥാപനമായ ജെഎന്‍യുവിന്‍റെ കൂടെനില്‍ക്കുവാനും ഐഡിയ ഓഫ് ജെഎന്‍യു സംരക്ഷിക്കാനും മുഖ്യധാരാ രാഷ്ട്രീയ , മാധ്യമ, ബുദ്ധിജീവി സമൂഹം മുന്നോട്ടുവന്നു. ഇതിന്‍റെ പരിസമാപ്തികുറിച്ചുകൊണ്ട് കടന്നുവന്ന ഹോളി സംഘി - സഖാവ് വ്യത്യാസമില്ലാതെ സമ്പൂര്‍ണ രൂപത്തില്‍ ആഘോഷിക്കപ്പെട്ടു. അപ്പോഴും 'നിങ്ങള്‍ക്കിനിയും രോഹിതിലേക്ക് മടങ്ങിവരാറായില്ലേ?' എന്ന ചോദ്യം ഉയര്‍ത്തപ്പെടുന്നുണ്ടായിരുന്നു.
സംഘബോധത്തിന്‍റെ സാമാന്യ വ്യവഹാരങ്ങള്‍ അയിത്തം കല്‍പ്പിച്ച ഹൈദരാബാദ് സര്‍വ്വകലാശാല ക്യാമ്പസ് നിര്‍വ്വചനാ തീതമായ വിദ്യാര്‍ഥിവേട്ടക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ മുഖ്യധാര രാഷ്ട്രീയ- മാധ്യമ - ബുദ്ധിജീവി സമൂഹം ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളുടെ വാഗ്വാദത്തിലായിരുന്നു. ട്വന്‍റി20 ക്രിക്കറ്റ് മത്സരങ്ങില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ പടിഞ്ഞാറും കിഴക്കുമുള്ള അയല്‍ (എതിര്‍?) രാജ്യങ്ങളുടെ മേല നേടിയ വിജയത്തിന്‍റെ തല്‍സമയ സംപ്രക്ഷേപണവും അപ്ഡേറ്റുകളും മുന്‍പേജ് വാര്‍ത്തകളുമായി മാധ്യമങ്ങള്‍ നിറഞ്ഞു നിന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്ത് വ്യാപകമായ ആക്രമണങ്ങളില്‍ ബ്രസല്‍സ് ആക്രമം നമ്മുടെ മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരമായ വിഷയങ്ങളില്‍ കുറ്റകരമായ മൌനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രണ്ടു വിഷയങ്ങളിലും സ്വതസിദ്ധമായ പ്രസ്താവനകള്‍ ട്വീറ്റുകളായി മുഖ്യധാരക്ക് സമ്മാനിച്ചു. മര്‍ദ്ദിതന്‍റെ ശബ്ദങ്ങള്‍ക്കു നേരെ ബധിരത നടിക്കുന്ന തെലുങ്കാന നിയമസഭ അക്ബറുദ്ദീന്‍ ഉവൈസി ഉയര്‍ത്തിയ ഗൌരവ വിഷയങ്ങളില്‍ മൈക്കിന്‍റെ ശബ്ദം കുറച്ച് മാതൃകയായി.
കനയ്യ കുമാറെന്ന ദേശീയ വിദ്യാര്‍ഥി നേതാവിന്‍റെ സന്ദര്‍ശനത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചപ്പോള്‍ കുതിച്ചെത്തിയ മാധ്യമങ്ങള്‍ അറസ്റ്റ് വരിച്ച് പീഡനങ്ങളേല്‍ക്കുന്ന ദൊന്ത പ്രശാന്തിനെയോ ഇകെ റമീസിനെയോ കണ്ട ഭാവം നടിച്ചില്ല. മുന്‍ പേജുകളില്‍ ദേശീയ പ്രസ്താവനകള്‍ നിറഞ്ഞപ്പോള്‍ ദക്ഷിണേന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍പേജുകളിലേക്ക് തളയ്ക്കപ്പെട്ടു. ഭരണകൂടം ജനങ്ങളെക്കാള്‍ പ്രിയപ്പെട്ടതാകുകയും പൊലീസുകാരും അധികാരികളും വിദ്യാര്‍ഥികളെക്കാള്‍ പ്രധാനപ്പെട്ടവരാകുകയും ചെയ്യുമ്പോള്‍ മുഖ്യധാര മാധ്യമ നിലവാരത്തെ കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്തല്ല. പുതുരാഷ്ട്രീയ യൌവ്വനം സാങ്കേതിക ലോകത്തിന്‍റെ പുതുമാധ്യമങ്ങള്‍ വഴി യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ സാമ്പ്രദായിക രാഷ്ട്രീയ - മാധ്യമ ബുദ്ധിജീവി സമൂഹത്തിന് നിലപാടുകള്‍ മാറ്റാതെ നിര്‍വ്വാഹമില്ല. ഭരണകൂട - മാധ്യമ കൂട്ടുകെട്ടുകള്‍ മെനയുന്ന കെട്ടുകഥകള്‍ക്കനുസരിച്ച് ചിന്തിക്കാന്‍ തയ്യാറല്ലാത്ത ഈയൊരു വിദ്യാര്‍ഥി മുന്നേറ്റം തന്നെയാണ് ഭാവി ജനാധിപത്യത്തിന് രൂപം നല്‍കുക.