മിക്‌സ്ചർ പാക്കറ്റിലെ അറബി വാക്കുകൾ; ഹൽദിറാംസിനെതിരെ ബഹിഷ്‌കരണ ആഹ്വാനം
|"വേണമെങ്കിൽ വാങ്ങിക്കൂ, ഇല്ലെങ്കിൽ ഇതിവിടെ വെച്ച് ഇറങ്ങിപ്പോകൂ..." എന്നായിരുന്നു റിപ്പോർട്ടറോട് സ്റ്റോർ സ്റ്റാഫിന്റെ മറുപടി
രാജ്യത്തെ പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ ഹൽദിറാംസിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനം. മിക്‌സ്ചർ പാക്കറ്റിലെ 'ഉറുദു ഭാഷയിലുള്ള' എഴുത്ത് ഹിന്ദുക്കൾക്ക് വായിക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് ഒരു വിഭാഗം, നാഗ്പൂർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ വിദ്വേഷ പ്രചരണം ആരംഭിച്ചത്. പ്രചരണം ഏറ്റെടുത്ത് ഹിന്ദുത്വ ചാനലായ സുദർശൻ ടി.വിയുടെ റിപ്പോർട്ടർ ഹൽദിറാംസിന്റെ ഔട്ട്‌ലെറ്റിലെത്തി സ്‌റ്റോർ സ്റ്റാഫിനോട് തട്ടിക്കയറി. ഹൽദിറാം ഉൽപ്പന്നങ്ങളിലുള്ള എഴുത്ത് ഉറുദുവിലല്ലെന്നും, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നതിനാൽ അറബിഭാഷയാണ് പാക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നതെന്നും പിന്നീട് വ്യക്തമായി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 'ഉറുദുവിന്റെ പേരിൽ' ഹൽദിറാംസിനെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചത്. കമ്പനിയുടെ ജനപ്രിയ ഉൽപ്പന്നമായ നംകീൻ മിക്‌സ്ചറിന്റെ പാക്കിൽ രേഖപ്പെടുത്തിയ അറബി അക്ഷരങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വീഡിയോ സഹിതമായിരുന്നു ഇത്.
'ഇംഗ്ലീഷിലും ഉറുദുവിലുമാണ് പാക്കിനു പുറത്ത് എഴുതിയിരിക്കുന്നത്. ഉറുദുവിൽ എഴുതിയതിന്റെ ഉദ്ദേശ്യം എന്താണ്? ഹിന്ദിയിൽ എഴുതിക്കൂടേ, അല്ലെങ്കിൽ ഇംഗ്ലീഷിൽ? ഇത് കഴിക്കുന്ന ഹിന്ദുവിന് ഉറുദുവിന്റെ ആവശ്യം എന്താണ്?' എന്നാണ് വീഡിയോയിലെ ശബ്ദം ചോദിക്കുന്നത്. ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ഹിന്ദുത്വ പേജുകളിലൂടെ ഇത് വ്യാപകമായി പ്രചരിച്ചു.
ഇതിനു പിന്നാലെയാണ് സുദർശൻ ടി.വി വിവാദം ഏറ്റെടുത്തത്. ഹൽദിറാംസിന്റെ ഔട്ട്‌ലെറ്റിലെത്തിയ വനിതാ റിപ്പോർട്ടർ അവിടുത്തെ വനിതാ സ്റ്റാഫിനോട് തട്ടിക്കയറി. ഉൽപ്പന്നത്തിൽ മൃഗക്കൊഴുപ്പും ബീഫ് ഓയിലും ഉള്ളത് മറച്ചുവെക്കാനാണോ ഉറുദുവിൽ എഴുതിയത് എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. എന്നാൽ, റിപ്പോർട്ടറുടെ പ്രകോപനത്തോട് പ്രതികരിക്കാൻ സ്റ്റാഫ് തയാറായില്ല. 'നിങ്ങൾക്കു വേണമെങ്കിൽ ഇത് വാങ്ങാം. വേണ്ടെങ്കിൽ ഇതിവിടെ വെച്ച് സ്ഥലം വിടാം.' എന്നായിരുന്നു അവരുടെ മറുപടി.
സുദർശൻ ടി.വി റിപ്പോർട്ടർ ഹൽദിറാംസ് സ്റ്റാഫിനെ ശല്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ്, മിക്‌സ്ചർ പാക്കിൽ രേഖപ്പെടുത്തിയത് ഉറുദുവിലല്ല അറബിയിലാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചത്.
വിദേശങ്ങളിലേക്ക് കയറ്റിയയക്കുന്നതിനാലാണ് ഇംഗ്ലീഷ്, അറബി ഭാഷകളിൽ ഡിസ്‌ക്രിപ്ഷൻ അച്ചടിച്ചിരിക്കുന്നതെന്നും ഹിന്ദുത്വ കേന്ദ്രങ്ങൾ ആരോപിക്കുന്നതുപോലെ ഹിന്ദി ഒഴിവാക്കി ഉറുദു മാത്രം അച്ചടിച്ചിട്ടില്ലെന്നും നിരവധി പേർ വിശദീകരിച്ചു. അതിനിടെ, ഉറുദു ഇന്ത്യയിലെ ഒരു അംഗീകൃത ഭാഷയാണെന്നും ഇന്ത്യൻ രൂപാ കറൻസിയിൽ പോലും ഉറുദുഭാഷയിലുള്ള എഴുത്തുണ്ടെന്നും വ്യക്തമായി ചിലരും രംഗത്തെത്തി.
എന്താണ് ഹൽദിറാംസ്?
1937-ൽ രാജസ്ഥാനിലെ ബിക്കാനീറിൽ ശിവ്കിസൻ അഗർവാൾ സ്ഥാപിച്ച ഹൽദിറാംസ് ഇന്ന് ഇന്ത്യയിലെ പ്രമുഖ സ്വീറ്റ്‌സ്, സ്‌നാക്ക്‌സ്, റെസ്റ്റോറന്റ് കമ്പനിയാണ്. മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമായുള്ള കമ്പനിക്ക് 2019-ലെ കണക്കുപ്രകാരം 7000 കോടിയിലേറെ രൂപയുടെ വിറ്റുവരവുണ്ടെന്നാണ് കണക്ക്. 400-ലേറെ ഉൽപ്പന്നങ്ങളാണ് ഇവർ പുറത്തിറക്കുന്നത്. അറബ് രാഷ്ട്രങ്ങളടക്കം 80-ലേറെ രാജ്യങ്ങളിലേക്ക് ഹൽദിറാംസ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചരണത്തിന്റെ പേരിൽ സുപ്രീംകോടതി വിലക്കിയ ചാനലാണ് ഹൽദിറാംസിനെതിരായ പ്രചരണത്തിന്റെ നേതൃസ്ഥാനത്തുള്ള സുദർശൻ ടി.വി. സിവിൽ സർവീസിൽ മുസ്ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന തരത്തിൽ ഈ ചാനൽ സംപ്രേഷണം ചെയ്ത പരിപാടിയെ സുപ്രീം കോടതി ജഡ്ജുമാരായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവർ രൂക്ഷമായി വിമർശിച്ചിരുന്നു. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഈ പരിപാടി നിർത്തലാക്കിയെങ്കിലും ചാനലിനെതിരെ കേന്ദ്രസർക്കാർ നടപടിയൊന്നും എടുത്തിരുന്നില്ല.