Social
മഹുവ മൊയ്ത്രയ്ക്കെതിരെ കോഴ ആരോപണം, ഗഗൻയാൻ ആദ്യ പരീക്ഷണദൗത്യം ഉടൻ, ഒളിംപിക്സില്‍ ഇനി ക്രിക്കറ്റും; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്
Social

മഹുവ മൊയ്ത്രയ്ക്കെതിരെ കോഴ ആരോപണം, ഗഗൻയാൻ ആദ്യ പരീക്ഷണദൗത്യം ഉടൻ, ഒളിംപിക്സില്‍ ഇനി ക്രിക്കറ്റും; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്

Web Desk
|
16 Oct 2023 2:49 PM GMT

പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ ടിഎംസി എം പി മഹുവ മൊയ്‌ത്ര വ്യവസായിയായ ദർശൻ ഹിരാനന്ദാനിയുടെ കയ്യിൽ നിന്നും കോഴ വാങ്ങി എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്.

മഹുവയ്ക്കെതിരെ കോഴ ആരോപണം

ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ പശ്ചിമ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്കെതിരെ കോഴ ആരോപണം. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ ടിഎംസി എം പി മഹുവ മൊയ്‌ത്ര വ്യവസായിയായ ദർശൻ ഹിരാനന്ദാനിയുടെ കയ്യിൽ നിന്നും കോഴ വാങ്ങി എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. ഇതിനു പിന്നാലെ സംഭവത്തിൽ അദാനി ഗ്രൂപ്പ് വാർത്താ കുറിപ്പ് പുറത്തിറക്കി. വ്യവസായ രംഗത്തെ എതിരാളികൾ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചെന്ന് വാർത്താ കുറിപ്പിൽ അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു. കോഴ ആരോപണം സത്യമെങ്കിൽ പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിക്കുന്നതും അപമാനകരവുമാണ് എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിഷികാന്ത് ദുബെക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മഹുവ മൊയ്ത്ര.

ഗഗൻയാൻ; ആദ്യ പരീക്ഷണദൗത്യം ഉടൻ

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം ഒക്ടോബർ 21ന് നടക്കും. രാവിലെ 7 മണിക്കും 9നുമിടയിൽ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുക. ബഹിരാകാശ യാത്രാ മധ്യേ യാത്ര റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണ ദൗത്യം 'ടെസ്റ്റ് വെഹിക്കിൾ-ഡി1' ആണ് 21ന് നടക്കുക.

വിധി നാളെ

സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജയിൽ സുപ്രിംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറയുക. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

മിസോറമിൽ രാഹുലിന്റെ പദയാത്ര

മിസോറമിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കോൺഗ്രസ്. 40ല്‍ 39 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഭാരത് ജോഡോ മാതൃകയിൽ സംസ്ഥാനത്ത് രാഹുൽ ഗാന്ധി പദയാത്ര നടത്തി. മണിപ്പൂരിനെക്കാള്‍ പ്രധാനമന്ത്രിക്ക് ശ്രദ്ധ ഇസ്രായേലിലാണെന്ന് യാത്രയ്ക്കിടെ രാഹുല്‍ കുറ്റപ്പെടുത്തി.

എഎപിയെ പ്രതിചേർത്തേക്കും

മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിചേർക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഇ.ഡി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ.ഡി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് സുപ്രീംകോടതിയിൽ ഇക്കാര്യം പറഞ്ഞത്.

ഹരജി തള്ളി സുപ്രിംകോടതി

26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിവാഹിത സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. തന്‍റെ മൂന്നാമത്തെ ഗർഭമാണിതെന്നും പ്രസവശേഷമുള്ള വിഷാദരോഗാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും കാണിച്ച് യുവതി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് തള്ളിയത്. നേരത്തെ, രണ്ടംഗ ബെഞ്ച് വിഷയത്തിൽ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു.

കൂട്ടക്കുരുതി തുടരുന്നു

ഗസ്സയിലെ സ്ഥിതി അതീവഗുരുതരമായി തുടരുമ്പോഴും ഈജിപ്ത് റഫ അതിർത്തി തുറന്നില്ല.തെക്കൻ ഗസ്സയിൽ വെടിനിർത്തലില്ലെന്ന് ഹമാസും ഇസ്രായേലും അറിയിച്ചു. ഹമാസ് ബന്ധികളാക്കിയത് 199 പേരെയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണം 2,750 കവിഞ്ഞു.


പ്രഗ്നാനന്ദയെ സന്ദർശിച്ച് ഐഎസ്ആർഒ ചെയർമാൻ

ശാസ്ത്രസാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി യുവ ചെസ്സ് പ്രതിഭ പ്രഗ്നാനന്ദ ഐ.എസ്.ആർ.ഒയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. പ്രഗ്നാനന്ദയെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചന്ദ്രനിൽ ഒരു പ്രഗ്യാൻ (റോവർ) ഉണ്ടെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് ഭൂമിയിലെ പ്രഗ്നാനന്ദയാണ്. ഇന്ത്യക്ക് വേണ്ടി ഞങ്ങൾ ചന്ദ്രനിൽ എന്താണോ ചെയ്തത് അത് പ്രഗ്നാനന്ദ ഭൂമിയിൽ നേടിയിരിക്കുന്നു. ശാസ്ത്രം, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ എന്നിവയിൽ യുവാക്കളെ താൽപ്പര്യമുള്ളവരാക്കി ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റുന്നതിന് പ്രഗ്നാനന്ദ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്' -സോമനാഥ് പറഞ്ഞു.

ഒളിംപിക്സില്‍ ഇനി ക്രിക്കറ്റും

ക്രിക്കറ്റും സ്ക്വാഷും ഒളിംപിക്സിൽ ഉൾപ്പെടുത്താൻ ഔദ്യോഗികമായി അനുമതി. മുംബൈയിൽ നടന്ന രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയാണ് അന്തിമ അനുമതി നൽകിയത്. വോട്ടെടുപ്പിലൂടെയാണ് തീരുമാനം. 2028ലെ ലോസ് ആഞ്ചൽസ് ഒളിംപിക്സില്‍ ഈ ഇനങ്ങൾ ഉണ്ടാകും.

പരസ്യബോർഡുകൾ തകർന്ന് ഗാലറിയിലേക്ക് വീണു

ലോകകപ്പിൽ ആസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയം മേൽക്കൂരയിലെ പരസ്യ ബോർഡുകൾ ഗാലറിയിലേക്ക് വീണത് പരിഭ്രാന്തി പരത്തി. യു.പി ലഖ്നോവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ ശ്രീലങ്കൻ ബാറ്റിങ് പുരോഗമിക്കവെ 43ാം ഓവറിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. മേൽക്കൂരയിൽ ഫ്രെയിം ചെയ്തുവെച്ച ഫ്ലക്സ് ബോർഡുകളാണ് കനത്ത കാറ്റിനെ തുടർന്ന് ഗാലറിയിലേക്ക് വീണത്.

Similar Posts