Social
ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥ അറസ്റ്റില്‍, വീണ്ടും രാമയണം- സീതയായി സായി പല്ലവി, കംഗാരുക്കള്‍ക്ക് മുന്നില്‍ വീണ് പാക് പട; Twitter Trendings
Social

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥ അറസ്റ്റില്‍, വീണ്ടും രാമയണം- സീതയായി സായി പല്ലവി, കംഗാരുക്കള്‍ക്ക് മുന്നില്‍ വീണ് പാക് പട; Twitter Trendings

Web Desk
|
3 Oct 2023 4:58 PM GMT

ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഓസീസ് പാക് പടയെ മുട്ടുകുത്തിച്ചത്

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥ അറസ്റ്റില്‍

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥ അറസ്റ്റില്‍. മാധ്യമപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വീടുകളിൽ നടന്ന റെയ്ഡിന് ശേഷം പ്രബിറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് അല്‍പ്പനേരം മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുരകായസ്ഥക്ക് ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലായിട്ടുണ്ട്.ഓഗസ്റ്റിൽ ന്യൂസ് ക്ലിക്ക് ന്യുസ് പോർട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പരിശോധന നടന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഔദ്യോഗിക വസതിയിലടക്കം റെയ്ഡ് നടന്നിരുന്നു.

രജനീകാന്ത്, ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, റാണ; തലൈവർ 170ല്‍ വമ്പന്‍ താരനിര

ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അണിനിരക്കുന്നത് വമ്പൻ താരങ്ങൾ. രജനികാന്ത് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തലൈവർ 170 എന്നാണ് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനികാന്ത് തിരുവനന്തപുരത്തെത്തി. ഇനി 10 ദിവസം തിരുവനന്തപുരത്തുണ്ടാകും. അമിതാഭ് ബച്ചന്‍ ഒഴികെയുള്ളവർ തിരുവനന്തപുരത്തെത്തും. നല്ല സന്ദേശം ഉൾക്കൊള്ളുന്ന ബി​ഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുംമുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അനിരുദ്ധ് ആണ് തലൈവർ 170-യുടെ സം​ഗീതസംവിധാനം.

ജയ് ഭീം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രമാണ് തലൈവര്‍ 170. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരൊക്കെയാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ലൈക പ്രൊഡക്ഷന്‍സ് കഴിഞ്ഞ ദിവസമാണ് നടത്തിയത്.

വീണ്ടും രാമയണം- സീതയാവുന്നത് സായി പല്ലവി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നായി രാമായണം മാറിയിട്ടുണ്ട്. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ അണിനിരക്കുന്ന രാമായണം 2024 ന്റെ ആദ്യ പാദത്തിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

നേരത്തെ ആലിയ ബട്ട് ആയിരുന്നു ചിത്രത്തില്‍ സീതയായി എത്തുക എന്നായിരുന്നു വാർത്തകള്‍. എന്നാല്‍ ഏറെ സമയം എടുക്കുന്ന പ്രോജക്ടായതിനാല്‍ ആലിയ ഡേറ്റ് പ്രശ്നത്താല്‍ സീതയുടെ വേഷത്തില്‍ നിന്നും പിന്‍മാറിയെന്നാണ് വിവരം. അതേസമയം, രാമായണം പ്രമേയമാക്കി എത്തിയ പ്രഭാസ് ചിത്രം 'ആദിപുരുഷ്' വന്‍ പരാജയമായത് നിതീഷ് തിവാരി ഒരുക്കാനിരിക്കുന്ന രാമായണം പ്രോജക്ടിനെയും ബാധിച്ചിട്ടുണ്ട് എന്നാണ് വിവരം. അതാണ് ചിത്രത്തില്‍ നിന്നും ആലിയ പിന്‍മാറാന്‍ കാരണമെന്ന അഭ്യൂഹങ്ങളും സോബോളിവുഡില്‍ നടക്കുന്നുണ്ട്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍ ഒക്ടോബർ എട്ടിന്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനു തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ എട്ടിന് 24 മണിക്കൂർ നേരത്തേക്കാണ് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുക. പ്രൈം മെംബർമാർക്ക് ഒക്റ്റോബർ 7 മുതൽ തന്നെ സൗകര്യം പ്രയോജനപ്പെടുത്താം. ഇരുപത്തയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് ഓഫർ വിലയിൽ ലഭ്യമാകുക എന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ, കിച്ചൺ ഉപകരണങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

വിരാടിന് നെറ്റ്സില്‍ പന്തെറിഞ്ഞ താരം ഇന്ന് പാക് ടീമിന്‍റെ കുന്തമുന

വിരാട് കോഹ് ലിക്ക് നെറ്റ്സില്‍ പന്തെറിഞ്ഞു കൊടുത്തിരുന്ന ബോളർ ഹാരിസ് റൗഫ് ഇപ്പോള്‍ പാക് ടീമിന്‍റെ കുന്തമുനയാണ്. താരം തന്നെയാണ് പണ്ട് വിരാടിന് നെറ്റ്സില്‍ പന്തെറിഞ്ഞു കൊടുത്തതിന്‍റെ അനുഭവം വെളിപ്പെടുത്തിയത്. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോ തയാറാക്കിയ ഡോക്യുമെന്‍ററിയിലാണ് റൗഫിന്‍റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ പാക് ടീമിന്‍റെ ഏറ്റവും മികച്ച ബൗളറായിരുന്ന ഹാരിസ് റൗഫ്. സ്ഥിരമായി 145 കിലോ മീറ്റര്‍ വേഗത്തിലെറിയുന്ന റൗഫിന്‍റെ ലെങത് ബോളിനെ കൊഹ് ലി പ്രഹരിച്ചത് ഇന്നും ആരാധകർ ആവേശത്തോടെയാണ് ഓർക്കുന്നത്.

നീളന്‍ മുടിയുള്ള റാഞ്ചിക്കാരന്‍; പഴയ ലുക്കില്‍ വീണ്ടും ധോണി

ഇന്ത്യൻ ജഴ്സിയിൽ അന്നുവരെ കാണാത്ത തരത്തിലുള്ള ശരീരപ്രകൃതം, ആറ് ലിറ്റർ പാല് കുടിക്കുന്ന ക്രിക്കറ്റർ എന്ന് മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത വിശേഷണം, വിക്കറ്റിന് പിന്നിലെ ചടുലത. മഹേന്ദ്ര സിങ് ധോണി എന്ന ആ റാഞ്ചിക്കാരൻ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം മഹിയായി മാറിയ കാലം. നീളം മുടിക്കാരന്റെ കൂറ്റനടിയിൽ ഇന്ത്യൻ ആരാധകർ മൂക്കത്ത് വിരൽ വെച്ചു. ക്രീസിൽ നിന്ന് ബാറ്റ് ചുഴറ്റി അയാൾ ബോൾ ഗാലറി കടത്തി. ഇടക്ക് ഹെൽമെറ്റഴിച്ച് തന്റെ മുടിയൊന്ന് ഒതുക്കി. മഹേന്ദ്രസിങ് ധോണിയുടെ ഹെലിക്കോപ്റ്റർ ഷോട്ടിനൊപ്പം ആ മുടിയും ശ്രദ്ധിക്കപ്പെട്ടു. മികച്ച ബാറ്റിങ്ങിനും കീപ്പിങ്ങിനും ഫിറ്റ്നസിനുമൊപ്പം ചെമ്പൻ നിറത്തിലുള്ള നീളൻ മുടിയും ധോണിയ്ക്ക് കരിയറിന്റെ ആരംഭത്തിൽ തന്നെ നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ധോണി മുടിവെട്ടിയൊതുക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ പഴയ ലുക്കിലേക്ക് എത്തിയ ധോണിയാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്.

2007ലെ വിന്റേജ് ധോണിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ധോണി പഴയ ലുക്കിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഹെയർസ്‌റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ രൂപമാറ്റത്തിന് പിന്നിൽ.

ഈഷ സിംഗും മൊഹ്‌സിൻ ഖാനും വീണ്ടും, ഇപ്രാവശ്യം ഒടിടിയില്‍

ആരാധകരുടെ മനം കവർന്ന ഈഷ സിംഗും മൊഹ്‌സിൻ ഖാനും വീണ്ടും വരുന്നു. പക്ഷേ ഇപ്രവശ്യം മ്യൂസിക് വീഡിയോയില്‍ അല്ല. ജിയോ സിനിമാസിന്‍റെ വരാനിരിക്കുന്ന ഒടിടി പ്രൊജക്ടിനായാണ് ഇരുവരും ഒരുമിക്കുന്നത്.

താരങ്ങളുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിക്ക് വ്യാപകമായ ആരാധകരുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പുതിയ ഒടിടി പ്രൊജക്ടില്‍ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.

ലോകകപ്പ് സന്നാഹ മത്സരം- കംഗാരുക്കള്‍ക്ക് മുന്നില്‍ വീണ് പാക് പട

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ആസ്ത്രേലിയക്ക് മുന്നില്‍ വീണ് പാകിസ്ഥാൻ. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഓസീസ് പാക് പടയെ മുട്ടുകുത്തിച്ചത്.ആസ്ത്രേലിയ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍റെ പോരാട്ടം 337 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആസ്ത്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 351 റണ്‍സെടുത്തത്. കങ്കാരുക്കള്‍ക്കായി ഗ്ലെൻ മാക്സവെല്‍ (71 പന്തില്‍ 77), കാമറൂണ്‍ ഗ്രീൻ (40 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.

ഏഷ്യൻ ഗെയിംസില്‍ 5000 മീറ്റർ ഓട്ടത്തില്‍ ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വർണം. 5000 മീറ്റർ ഓട്ടത്തിലാണ് ഇന്ത്യന്‍ താരം പരുള്‍ ചൌധരി സ്വർണം നേടിയത്. ഇന്ത്യയുടെ 14-ാം സ്വര്‍ണമായിരുന്നു ഇത്. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. 3000 മീറ്റർ സ്റ്റീപ്ള്‍ ചേസില്‍ നേരത്തെ താരം വെള്ളി നേടിയിരുന്നു. അതേസമയം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. 14 സ്വർണവും 24 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 64 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് 15-ാം സ്വർണം

ഷൂട്ടിങ് റേഞ്ചിനു പിന്നാലെ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലും മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ജാവലിൻ ത്രോയിൽ അന്നു റാണി ഇന്ത്യക്ക് ഗെയിംസിലെ 15ാം സ്വർണം സമ്മാനിച്ചത്. ഗെയിംസിന്‍റെ ചരിത്രത്തിൽ ജാവലിനിൽ ഒരു ഇന്ത്യൻ വനിതാതാരം സ്വർണം നേടുന്നത് ഇത് ആദ്യമാണ്. നാലാം ശ്രമത്തിൽ സീസണിലെ മികച്ച ദൂരമായ 62.92 മീറ്റർ എറിഞ്ഞാണ് ഉത്തർപ്രദേശ് മീററ്റ് സ്വദേശിനിയായ അന്നു സ്വർണം നേടിയത്.


Similar Posts