15ാം വയസിൽ ബാഴ്‌സക്കായി അരങ്ങേറ്റം; മനം കവര്‍ന്ന് ലാമിൻ യമാൽ
|മത്സര ശേഷം സൂപ്പർ താരം ലയണൽ മെസ്സിയോടാണ് ലാമിനെ കോച്ച് ചാവി ഹെർണാണ്ടസ് ഉപമിച്ചത്
സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരായ ബാഴ്‌സലോണയുടെ കൂറ്റൻ വിജയത്തിന് ശേഷം ലാമിൻ യമാൽ എന്നൊരു 15 വയസുകാരനാണ് ഫുട്‌ബോൾ ലോകത്തെ ചർച്ചകളിൽ നിറയേ. തന്റെ 15ാം വയസ്സിൽ കറ്റാലന്മാർക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് താരം. ഈ നൂറ്റാണ്ടിൽ ബാഴ്‌സക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലാമിന്‍. ബാഴ്‌സയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്ന് കളി പടിച്ച താരം ബാഴ്‌സയുടെ ഭാവി വാഗ്ദാനമായാണ് കരുതപ്പെടുന്നത്.
വെറും 11 മിനിറ്റേ കളിക്കാനായുള്ളൂ എങ്കിലും ആദ്യ മത്സരത്തിൽ തന്നെ ആരാധകരുടെ മനംകവരാൻ ലാമിനായി. കളിയുടെ 83ാം മിനിറ്റിൽ ഗാവിയുടെ പകരക്കാരനായാണ് യാമിൻ മൈതാനത്തിറങ്ങിയത്. ഗ്രൗണ്ടിലെത്തിയ ഉടൻ തന്നെ താരത്തിന് ഒരു ഗോളവസരം ലഭിച്ചത് ബെറ്റിസ് കീപ്പര്‍ തട്ടിയകറ്റി. പിന്നാലെ ഡെംബാലെക്ക് ഒരു നിർണായക പാസ് നൽകിയെങ്കിലും താരത്തിന് വലകുലുക്കാനായില്ല. മത്സരത്തിൽ 12 ടച്ചുകളും 8 പാസുകളും താരം തന്‍റെ പേരില്‍ കുറിച്ചു.
ബാഴ്‌സക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് യാമിൻ. 1902 ൽ 13ാം വയസ്സിൽ ബാഴ്‌സക്കായി അരങ്ങേറ്റം കുറിച്ച ആൽബർട്ട് അൽമാസ്‌കാണ് ക്ലബ്ബിനായി പന്ത് തട്ടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. മത്സര ശേഷം സൂപ്പർ താരം ലയണൽ മെസ്സിയോടാണ് യാമിനെ കോച്ച് ചാവി ഹെർണാണ്ടസ് ഉപമിച്ചത്. ഫൈനൽ തേർഡിൽ മെസ്സിക്ക് സമാനമായ കഴിവുകളാണ് യാമിന്റേത് എന്ന് ചാവി പറഞ്ഞു.