റോയല്‍ മാഡ്രിഡ്; ബൊറൂഷ്യയെ തകര്‍ത്ത് 15ാം ചാമ്പ്യന്‍സ് ലീഗ് കിരീടം
|കഴിഞ്ഞ 11 വർഷത്തിനിടെ ആറ് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലാണ് റയല്‍ മുത്തമിട്ടത്
ലണ്ടന്‍: വെംബ്ലിയിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. യുവേഫ ചാമ്പ്യൻസ് ലീഗിൽ തങ്ങൾക്ക് എതിരാളികൾ ഇല്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച് റയൽ മാഡ്രിഡിന്റെ കിരീട ധാരണം. കലാശപ്പോരിൽ ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ തകർത്തത്. റയലിന്റെ 15ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ 11 വർഷത്തിനിടെ നേടുന്ന ആറാം കിരീടം.
ഗോൾ രഹിതമായി പിരിഞ്ഞ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ രണ്ട് ഗോളുകളും പിറന്നത്. ഒന്നാം പകുതിയിൽ ബൊറൂഷ്യയുടെ നിരവധി മുന്നേറ്റങ്ങൾ നിർഭാഗ്യത്തിന്റെ അകമ്പടിയോടെ പുറത്ത് പോയി. ഒരു വേള ഗോളെന്നുറപ്പിച്ച മുന്നേറ്റങ്ങൾ വരെ തിബോ കോർട്ടുവക്കും പോസ്റ്റിനും മുന്നിൽ അവസാനിച്ചു. റയൽ മുന്നേറ്റങ്ങൾ വിരളമായ ഒന്നാം പകുതിക്ക് ശേഷം കളി മാറി.
രണ്ടാം പകുതി റയലിന്‍റേത് മാത്രമായിരുന്നു. ആദ്യ പകുതിയില്‍ കണ്ട പ്രതിരോധത്തിലെ പിഴവുകൾ നികത്തിയ റയൽ രണ്ടാം പകുതിയിൽ മുന്നേറ്റങ്ങളുമായി ബൊറൂഷ്യ ഗോൾമുഖം വിറപ്പിച്ച് കൊണ്ടിരുന്നു. ഒടുവിൽ കളിയുടെ 74ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷം പിറന്നു. ടോണി ക്രൂസെടുത്ത കോർണർ കിക്ക് ഡാനി കാർവഹാൽ മനോഹരമായൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു.
ആദ്യ ഗോൾ പിറന്ന് പത്ത് മിനിറ്റ് പിന്നിടും മുമ്പേ രണ്ടാം ഗോളുമെത്തി. ഇക്കുറി ബൊറൂഷ്യയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് റയൽ വലകുലുക്കിയത്. ജൂഡ് ബെല്ലിങ്ഹാമിന്റെ പാസ് സ്വീകരിച്ച വിനീഷ്യസ് ജൂനിയറിന് പിഴച്ചില്ല. സ്‌കോർ 2-0. പിന്നീട് മത്സരത്തിലേക്ക് ഒരിക്കൽ പോലും ബൊറൂഷ്യ മടങ്ങിയെത്തിയില്ല. റയൽ മാഡ്രിഡ് ജഴ്‌സിയിൽ ജർമൻ ഇതിഹാസം ടോണി ക്രൂസിന്റെ അവസാന മത്സരമായിരുന്നു ഇന്നലെ വെംബ്ലിയിൽ. തന്റെ ക്ലബ്ബ് ഫുട്‌ബോൾ കരിയർ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വലിയ കിരീടം കൊണ്ടവസാനിപ്പിക്കാൻ ക്രൂസിനായി.