ബാറ്റർമാർ കരുതിയിരിക്കൂ... അഫ്ഗാനിസ്താനിൽ നിന്നിതാ മറ്റൊരു ബൌളിങ് സെൻസേഷൻ കൂടി; മിസ്റ്ററി സ്പിന്നറെന്ന് ക്രിക്കറ്റ് ലോകം
|പതിനേഴാം വയസില്‍ ദേശീയ ടീമില്‍ ഇടംപിടിച്ച നൂര്‍ അഹമ്മദ് പതിനാല് വയസ് മുതല്‍ക്കെ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
അഫ്ഗാനിസ്താനില്‍ നിന്ന് ക്രിക്കറ്റ് ലോകത്തേക്ക് ഇതാ മറ്റൊരു ബൌളിങ് സെന്‍സേഷന്‍ കൂടി. ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നറായ നൂര്‍ അഹമ്മദാണ് കറങ്ങിത്തിരിയുന്ന പന്തുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് വിക്കറ്റുകളാണ് 17 കാരനായ നൂര്‍ അഹമ്മദ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
സിംബാബ്വേക്കെതിരെ ഹരാരെയിൽ വെച്ചുനടക്കുന്ന നടന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് നൂര്‍ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. അന്താരാഷ്ട്ര അരങ്ങേറ്റത്തിലെ ആദ്യ മത്സരം തന്നെ നാല് വിക്കറ്റുമായി അങ്ങനെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഈ കൌമാരക്കാരന്‍. ഏകദിന പരമ്പരയും ടി20 പരമ്പയും തൂത്തുവാരിയ അഫ്ഗാനിസ്താന്‍ സിംബാബ്വേക്ക് ഒരാശ്വാസ ജയത്തിനുള്ള വകപോലും കൊടുത്തിട്ടില്ല. മൂന്നാം ടി20 യില്‍ 125 റണ്‍സ് മാത്രമെടുത്തിട്ടും നൂര്‍ അഹമ്മദിന്‍റെ നാല് വിക്കറ്റ് മികവില്‍ അഫ്ഗാനിസ്താന്‍ സിംബാബ്വേയെ 90ന് ഒതുക്കുകയായിരുന്നു
പതിനേഴാം വയസില്‍ ദേശീയ ടീമില്‍ ഇടംപിടിച്ച നൂര്‍ അഹമ്മദ് പതിനാല് വയസ് മുതല്‍ക്കെ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 2019 മുതല്‍ വിദേശ ലീഗിലടക്കം കളിക്കുന്ന താരം നിരവധി തവണ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്‌സ്, പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്‌സ്, ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ്, ലങ്കന്‍ പ്രീമിയർ ലീഗിലെ ഗാലെ ഗ്ലാഡിയേറ്റേഴ്‌സ് തുടങ്ങി നിരവധി ഫ്രാഞ്ചെസി ലീഗുകളുടെ ഭാഗമായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസും താരത്തെ ടീമിലെത്തിച്ചിരുന്നു. 30 ലക്ഷം രൂപക്ക് ടീമിലെടുത്തെങ്കിലും ഐ.പി.എല്ലില്‍ ഒരു തവണ പോലും നൂറിന് കളിക്കാന്‍ അവസരമുണ്ടായില്ല. എങ്കിലും ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ ടീമിന്‍റെ ഭാഗമാകാന്‍ അരങ്ങേറ്റ സീസണില്‍ കഴിഞ്ഞു എന്നത് നൂര്‍ അഹമ്മദിനെ സംബന്ധിച്ച് നേട്ടമാണ്.
2020, 2022 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താനായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നൂറിനായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന 2020 അണ്ടര്‍ 19 ലോകകപ്പില്‍ വെറും 3.93 എന്ന ഇക്കോണമിയിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി കൌമാര താരം ഏഴ് വിക്കറ്റ് വീഴ്ത്തി. 2022 അണ്ടര്‍ 19 ലോകകപ്പിലും നൂര്‍ അഹമ്മദിന്‍റെ പ്രകടനം നിര്‍ണായകമായി. അഫ്ഗാനിസ്താനെ സെമിഫൈനലിലെത്തിക്കുന്നതിൽ കീറോള്‍ വഹിച്ചത് നൂര്‍ ആയിരുന്നു. 3.81 റൺസ് എക്കോണമയില്‍ ആറ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുമായി ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനും നൂര്‍ അഹമ്മദ് ആയിരുന്നു. ഇപ്പോഴിതാ സീനിയര്‍ ടീമിലെ അരങ്ങേറ്റവും ഗംഭീരമാക്കി വരാനിരിക്കുന്ന നാളുകളില്‍ ബാറ്റര്‍മാരുടെ പേടിസ്വപ്നമാകുമെന്ന മുന്നറിയിപ്പാണ് താരം നല്‍കുന്നത്.