യൂറോയില്‍ ജര്‍മ്മനിക്ക് വിജയത്തുടക്കം
|ഇരു സംഘങ്ങളും ഒപ്പത്തിനൊപ്പം മുന്നറിയപ്പോള്‍ ജയം കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത ജര്‍മ്മനിക്കൊപ്പം നിന്നു.
യൂറോ കപ്പില്‍ ജര്‍മ്മനിക്ക് വിജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഉക്രൈനെ ജര്‍മനി പരാജയപ്പെടുത്തിയത്. യൂറോ കപ്പില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആവേശകരമായ മത്സരം. ഇരു സംഘങ്ങളും ഒപ്പത്തിനൊപ്പം മുന്നറിയപ്പോള്‍ ജയം കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത ജര്‍മ്മനിക്കൊപ്പം നിന്നു. ലോകചാമ്പ്യന്‍മാരെ വിറപ്പിച്ച ശേഷമാണ് ഉക്രൈന്‍ സംഘം മത്സരം അസാനിപ്പിച്ചത്. മത്സരം തുടങ്ങിയപ്പോഴേ നയം വ്യക്തമാക്കി ഉക്രൈന്‍.
പക്ഷേ മാറ്റ് ഹമ്മല്‍സിന് പകരം ടീമിലെത്തിയ സെന്റര്‍ ബാക്ക് മുസ്തഫിയിലൂടെ ഗോള്‍ നേടി ജര്‍മനി മത്സരം വരുതിയിലാക്കി. ഓസിലിന്റെ ഫ്രീ കിക്കിന് മുസ്തഫി തലവെക്കാന്‍ ഓടിയെത്തുമ്പോള്‍ തടയാന്‍ ഉക്രൈന്‍ താരങ്ങള്‍ ആരും ഉണ്ടായില്ല. വേഗതയേറിയ പ്രത്യാക്രമണങ്ങളായിരുന്നു ഗോളിനുള്ള ഉക്രൈന്റെ മറുപടി. കൊനോപ്ലിയങ്കയും യെര്‍മലോങ്കയും നിരന്തരം ജര്‍മന്‍ ഗോള്‍മുഖത്തേക്ക് പന്തുമായെത്തി. കൊനോപ്ലിയങ്കയുടെ ഗോള്‍ ശ്രമം മാന്യുവല്‍ ന്യോയറിനെ മറികടന്നെങ്കിലും ഗോള്‍വരയില്‍ നിന്ന് ജെറോം ബോട്ടെങ് രക്ഷിച്ചു. തൊട്ട് പിന്നാലെ യെര്‍മലെങ്കോയുടെ ഗോള്‍ ഓഫ് സൈഡ് മൂലം നിഷേധിക്കപ്പെടുകയും ചെയ്തു.
അവസരങ്ങള്‍ പലതവണ ഇരു സംഘങ്ങള്‍ക്കും മാറി മാറി കിട്ടി.ഒരു വശത്ത് ന്യോയറും മറുവശത്ത് പ്യാറ്റോവും ഗോള്‍ ശ്രമങ്ങളെല്ലാം നിഷ്ഫലമാക്കി കൊണ്ടിരുന്നു. മത്സരം തീരുന്നതിന് തൊട്ടുമുമ്പായിരുന്നു രണ്ടാം ഗോള്‍. പകരക്കാരനായി എത്തിയ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗര്‍ വഴി. ഇത്തവണയും ഗോളൊരുക്കിയത് മെസ്യൂട്ട് ഓസില്‍. ജര്‍മനിക്ക് വേണ്ടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നേടുന്ന ഗോളായിരുന്നു ഷ്വാന്‍സ്റ്റൈഗറിന്‍റേത്.