അശ്വിന്‍ നിറഞ്ഞാടിയ പരന്പര
|ഒരു പരന്പരിയല്‍ രണ്ട് ശതകങ്ങളും രണ്ടോ അതിലധികം തവണയോ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അശ്വിന്‍ ....
ഒളിംപിക്സില്‍ കായിക ലോകം മുഴുകിയിരിക്കെ ആരാരും ശ്രദ്ധിക്കപ്പെടാതെ ഒരു ക്രിക്കറ്റ് പരന്പര അവസാനിച്ചു. യുവാക്കളുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരുകാലത്തെ പ്രതാപശാലികളായ വെസ്റ്റിന്‍ഡീസിനെ കളിയുടെ സമസ്ത മേഖലകളിലും മറികടന്ന് പരന്പര സ്വന്തമാക്കി. നാലാം ടെസ്റ്റില്‍ മഴ കളിച്ചതോടെ ഇന്ത്യക്ക് നഷ്ടമായത് ഇടയ്ക്ക് തേടിയെത്തിയ ഐസിസി റാങ്കിംഗിലെ ഒന്നാം നന്പര്‍ സ്ഥാനമാണ്.
രവിചന്ദര്‍ അശ്വിന്‍ എന്ന സ്പിന്നര്‍ ഒരു തികഞ്ഞ ഓള്‍ റൌണ്ടറായി വളര്‍ന്നതാണ് പരന്പരയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം. നാല് ഇന്നിങ്സുകളിലായി രണ്ട് ശതകങ്ങള്‍ ഉള്‍പ്പെടെ 235 റണ്‍സും 17 വിക്കറ്റുകളും വീഴ്ത്തിയ അശ്വിന്‍ പരന്പരയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു, ഇത് ആറാം തവണയാണ് ഒരു ടെസ്റ്റ് പരന്പരയില്‍ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവും തവണ പരന്പരയിലെ കേമനായി മാറുന്ന ഇന്ത്യന്‍ താരവും അശ്വിനായി - അതും സാക്ഷാല്‍ ടെന്‍ഡുല്‍ക്കറെയും സേവാഗിനെയും പിന്തള്ളിക്കൊണ്ട്. കേവലം 36 ടെസ്റ്റുകള്‍ക്കിടെയാണ് ഈ നേട്ടം അശ്വിന്‍ എത്തിപ്പിടിച്ചിട്ടുള്ളത്. ഒരു പരന്പരിയല്‍ രണ്ട് ശതകങ്ങളും രണ്ടോ അതിലധികം തവണയോ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അശ്വിന്‍ മാറി. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ തന്നെ നാലാമത്തെ താരമാണ് അശ്വിന്‍.
തികച്ചും അപ്രതീക്ഷിതമായാണ് ടെസ്റ്റില്‍ ആറാമനായി ഇറങ്ങാനുള്ള അവസം അശ്വിനെ തേടിയെത്തിയത്. അഞ്ച് ബൌളര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ച നായകന്‍ കൊഹ്‍ലി ഒന്നാം ദിനമാണ് ആറാമനായി ഇറങ്ങേണ്ട കാര്യം അശ്വിനോട് പറഞ്ഞത്. പിന്നെ കണ്ടത് ഏത് മുന്‍നിര ബാറ്റ്സ്മാനെയും അതിശയിപ്പിക്കുന്ന മികവുമായി ക്രീസില്‍ നിറഞ്ഞാടുന്ന അശ്വിനെയാണ്. ആന്‍റിഗയിലെ ആദ്യ ടെസ്റ്റില്‍ പിറന്ന ശതകം ഇന്ത്യയെ കൂടുതല്‍ സുരക്ഷിത തീരത്ത് എത്തിച്ചെങ്കില്‍ സെന്‍റ് ലൂസിയയില്‍ അശ്വിന്‍റെ ശതകം അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ രക്ഷാകവചമായി മാറുകയായിരുന്നു. അഞ്ചിന് 125 എന്ന നിലയില്‍ ഇന്ത്യ പതറുന്പോഴാണ് അശ്വിനും സാഹയും ക്രീസില്‍ ഒന്നിച്ചത്. പരന്പരയിലെ അശ്വിന്‍റെ രണ്ടാം ശതകവും സാഹയുടെ ആദ്യ ശതകവും പിറന്നപ്പോള്‍ ആറാം വിക്കറ്റില്‍ വിലപ്പെട്ട 213 റണ്‍ ഇന്ത്യയുടെ പേരില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ഈ കൂട്ടുകെട്ടിനെ നായകന്‍ കൊഹ്‍ലി വിശേഷിപ്പിച്ചത് പരന്പരയിലെ കൂട്ടുകെട്ടായാണ്.
അശ്വിന്‍ എന്ന ബൌളര്‍ എത്രത്തോളം അപകടകാരിയാണെന്ന് വിളിച്ചോതുന്നതു കൂടിയായിരുന്നു ഈ പരന്പര. നാലാം ടെസ്റ്റില്‍ കളി പേരിന് മാത്രമാണ് നടന്നെന്ന വസ്തുത കൂടി ഈ കണക്കിലെ കളികള്‍ക്കൊപ്പം ചേര്‍ത്ത് വായിക്കണം. അനില്‍ കുംബ്ലെ എന്ന പരിശീലകന്‍റെ സാന്നിധ്യം അശ്വിന് വലിയ തണലായി മാറി. ആദ്യ മുപ്പത് ഓവറുകള്‍ക്കുള്ളില്‍ വിക്കറ്റ് കിട്ടാതെ പോയാല്‍ നിരാശയുടെ പടുകുഴിയിലേക്ക് വീഴുമായിരുന്ന തനിക്ക് കുംബ്ലെയുമായുള്ള നിരന്തര സന്പര്‍ക്കം കരുത്ത് പകര്‍ന്നെന്ന് ആദ്യ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് പ്രകടനത്തിനു ശേഷം അശ്വിന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. വെല്ലുവിളികളും അവസരങ്ങളുമാണ് തന്നിലെ കളിക്കാരനെ വളര്‍ത്തുന്നതെന്ന അശ്വിന്‍റെ വാക്കുകള്‍ ശരിവയ്ക്കുന്നതായിരുന്നു കരീബിയന്‍ മണ്ണിലെ താരത്തിന്‍റെ പ്രകടനം. പേസിന്‍റെ പറുദീസയായി അറിയപ്പെടുന്ന ഇടങ്ങളില്‍ ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും സമാന പ്രകടനം പുറത്തെടുക്കാന്‍ അശ്വിനായാല്‍ ഇന്ത്യ കാത്തിരിക്കുന്ന ഓള്‍ റൌണ്ടറുടെ ഉദയമായി അതിനെ കണക്കാക്കാം.