ചാമ്പ്യന്‍സ് ലീഗ്: ബാഴ്സ പുറത്ത്
|രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്ലറ്റികോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സ സെമി ഫൈനല്‍ കാണാതെ പുറത്തായത്.
സ്പാനിഷ് ക്ലബ് ബാഴ്സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിന്ന് പുറത്ത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്ലറ്റികോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സ സെമി ഫൈനല്‍ കാണാതെ പുറത്തായത്. അന്റോണിയോ ഗ്രീസ്മാന് അത് ലറ്റികോ മാഡ്രിഡിനായി ഇരട്ടഗോള്‍ നേടി.
ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചതിന്റെ മുന്‍തൂക്കവുമായി രണ്ടാം പാദത്തിനിറങ്ങിയ ബാഴ്സലോണയെ പ്രതിരോധ പൂട്ടിട്ട് പൂട്ടി അത് ലറ്റികോ മാഡ്രിഡ്. പതിവ് പോലെ ഭൂരിഭാഗം സമയവും ബാഴ്സ പന്ത് കൈവശം വെച്ചെങ്കിലും സിമിയോണിയുടെ പ്രതിരോധത്തെ മറികടന്ന് മെസി-നെയ്മര്‍-സുവാരസ് ത്രയത്തിന് നല്ലൊരു മുന്നേറ്റം പോലും നടത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ പ്രത്യാക്രമണത്തിലൂടെ ഗ്രീസ്മാന് ആദ്യ ഗോള്‍ നേടി.
എണ്‍പത്തിയെട്ടാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസിന്റെ മുന്നേറ്റം ഇനിയേസ്റ്റ കൈ കൊണ്ട് തടഞ്ഞതോടെ പെനാല്‍റ്റിയുടെ രൂപത്തില്‍ രണ്ടാം ഗോളെത്തി. മത്സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ബാഴ്സക്ക് അര്‍ഹമായ പെനാല്‍റ്റി റഫറി നല്‍കാതിരുന്നതോടെ അത് ലറ്റികോ മാഡ്രിഡ് സെമി ഉറപ്പിച്ചു. രണ്ടാഴ്ചക്കിടെ ബാഴ്സലോണയുടെ മൂന്നാം തോല്‍വിയാണിത്. അതേ സമയം ബെന്‍ഫിക്കയെ മറികടന്ന് ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക് സെമി കടക്കുന്ന നാലാമത്തെ ടീമായി. രണ്ടാം പാദ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ പാദത്തിലെ ജയമാണ് ബയേണിന് തുണയായത്. രണ്ടാം പാദത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.