വരള്‍ച്ച മഹാരാഷ്ട്രയുടെ മാത്രം പ്രശ്നമല്ല, ഐപിഎല്‍ വേദി മാറ്റുന്നത് പരിഹാരമാകില്ല: വിവിഎസ് ലക്ഷ്മണ്‍
|വരള്‍ച്ച മഹാരാഷ്ട്രയുടെ മാത്രം പ്രശ്നമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും സണ്‍റൈസേഴ്‍സ് ഹൈദരാബാദിന്റെ ഉപദേശകനുമായ വിവിഎസ് ലക്ഷ്മണ്‍.
വരള്‍ച്ച മഹാരാഷ്ട്രയുടെ മാത്രം പ്രശ്നമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും സണ്‍റൈസേഴ്‍സ് ഹൈദരാബാദിന്റെ ഉപദേശകനുമായ വിവിഎസ് ലക്ഷ്മണ്‍.
കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് പിച്ചുകള്‍ നനക്കാന്‍ ദിവസവും ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്ന പരാതിയില്‍ കോടതി ഇടപെടലുണ്ടായ സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ പ്രതികരണം. ഐപിഎല്‍ വേദികള്‍ മഹാരാഷ്ട്രക്ക് പുറത്തേക്ക് മാറ്റുക എന്നത് പ്രശ്ന പരിഹാരമല്ലെന്നും ലക്ഷ്മണ്‍ പറയുന്നു. പ്രശ്നത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് ആദ്യം കണ്ടെത്തുക. ഇതൊരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ല. രാജ്യം മൊത്തം വരള്‍ച്ച നേരിടുകയാണ്. അതുകൊണ്ട് തന്നെ മുംബൈയില്‍ നിന്നു വേദി മാറ്റുക എന്നത് യഥാര്‍ഥ പരിഹാരമല്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.
ഇതിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഉദ്ഘാടന മത്സരം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. അതേസമയം തുടര്‍ മത്സരങ്ങള്‍ക്കുള്ള അനുമതിയുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. മത്സരങ്ങള്‍ നടത്തുന്നതിന് വെള്ളം അമിതമായി ഉപയോഗിക്കേണ്ടി വരുമെന്നും, മഹാരാഷ്ട്രയിലെ കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ ഇത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വിധി. അതേസമയം, ബിസിസിഐക്ക് മൈതാനം സംരക്ഷിക്കാന്‍ ഇത്രയും അധികം വെള്ളം ലഭിക്കുന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. ഹരജി പരിഗണിച്ച കോടതി, മനുഷ്യന്‍ മരിച്ച് വീഴുന്നതാണോ, ക്രിക്കറ്റാണോ വലിയ കാര്യമെന്ന് ചോദിച്ചു.