ബോള്‍ട്ട്, ഗാറ്റ്‌ലിന്‍, ബ്ലേക്ക്... 100 മീറ്ററില്‍ അനായാസം സെമിയില്‍
|എട്ട് ഹീറ്റ്സിലായി നടന്ന മത്സരത്തില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ആണ് മികച്ച സമയം കുറിച്ചത്. ഗാറ്റ്‌ലിന്‍ 10.01 സെക്കന്‍റിലും ബോള്‍ട്ട് 10.07 സെക്കന്‍റിലുമാണ് ഹീറ്റ്സില്‍ ഓടിയെത്തിയത്
ഗ്ലാമര്‍ഇനമായ പുരുഷവിഭാഗം 100 മീറ്ററിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ട് സെമിയിൽ കടന്നു. ഏഴാമത്തെ ഹീറ്റിസില്‍ മത്സരിച്ച ബോള്‍ട്ട 10.07 സെക്കന്‍ഡില്‍ ഓടിയെത്തി ഒന്നാമനായാണ് സെമിയിലെത്തിയത്. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ജമൈക്കയുടെ യൊഹാന്‍ ബ്ലെയ്ക്ക് എന്നിവരും സെമിയിലേക്ക് മുന്നേറി.
100 മീറ്ററില്‍ സ്വര്‍ണ നേട്ടം നിലനിര്‍ത്താനുള്ള ആദ്യപടി ഭംഗിയായി തന്നെ വേഗ രാജാവ് മറികടന്നു. തന്‍റെ ലോക റെക്കോഡിന് അടുത്തെത്തിയില്ലെങ്കിലും ഏഴാമത്തെ ഹീറ്റ്സില്‍ ബോള്‍ട്ടിന്‍റെ കുതിപ്പ് ആധികാരികമായിരുന്നു. പതുക്കെ തുടങ്ങി കുതിച്ചു പാഞ്ഞ ബോള്‍ട്ട് ഫിനിഷ് ചെയ്തത് പതിവ് ശൈലിയില്‍.
എട്ട് ഹീറ്റ്സുകളില്‍ നാലാമനായാണ് ബോള്‍ട്ട് സെമിയിലെത്തിയത്. രണ്ടാമത്തെ ഹീറ്റ്സില്‍ മത്സരിച്ച അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്ലിന്‍റേതാണ് യോഗ്യതാ റൌണ്ടിലെ മികച്ച സമയം. 10.01 സെക്കന്‍ഡിലാണ് ഗാറ്റ്ലിന്‍ ഓടിയെത്തിയത്. ഐവറി കോസ്റ്റിന്‍റെ യൂസഫ് ബെന്‍ മീറ്റെ അഞ്ചാമത്തെ ഹീറ്റ്സില്‍ ഒന്നാമതെത്തി. യോഗ്യതാ റൌണ്ടിലെ മികച്ച രണ്ടാമതെത സമയം മീറ്റെയുടേതാണ്.
10.11 സെക്കന്‍ഡില്‍ ഓടിയെത്തിയ ജമൈക്കയുടെ യൊഹാന്‍ ബ്ലെയ്ക്കും സെമിയിലേക്ക് മുന്നേറി. തിങ്കളാഴ്ചയാണ് 100 മീറ്റര്‍ സെമി പോരാട്ടവും ഫൈനലും നടക്കുക.