അശ്വിന്‍ ഏതൊരു ടീമിനും അമൂല്യ സമ്പത്തെന്ന് കൊഹ്ലി
|ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന നല്‍കാന്‍ കഴിയുന്ന ഏതൊരു ടീമിനും അമൂല്യ സമ്പത്താണെന്ന് കൊഹ്ലി
രവിചന്ദ്ര അശ്വിനെ പുകഴ്ത്തി ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന നല്‍കാന്‍ കഴിയുന്ന ഏതൊരു ടീമിനും അമൂല്യ സമ്പത്താണെന്ന് കൊഹ്ലി പറഞ്ഞു.
അസാമാന്യ പ്രകടനമായിരുന്നു ആര്‍ അശ്വിന്‍ ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്തതെന്ന് കൊഹ്ലി പറഞ്ഞു. ടീമിന്റെ പ്രകടനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന കളിക്കാരെയെടുത്താല്‍ ആദ്യ മൂന്ന് പേരില്‍ അശ്വിനുണ്ടാകും. ടെസ്റ്റ് മത്സരം ജയിക്കാന്‍ കഴിയുന്നത് ബൗളര്‍മാര്‍ക്കാണെന്ന് താന്‍ വിശ്വസിക്കുന്നതായും കൊഹ്ലി പറഞ്ഞു.
കഴിഞ്ഞ കുറേ കാലമായി മികച്ച പ്രകടനമാണ് അശ്വിന്‍ പുറത്തെടുക്കുന്നത്. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്ന താരമാണ് അശ്വിനെന്നും കൊഹ്ലി അഭിപ്രായപ്പെട്ടു. ബുദ്ധിമാനായ ക്രിക്കറ്ററാണ് അശ്വിന്‍. സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് അശ്വലിന്‍ ബാറ്റ് ചെയ്യുന്നതെന്നും കൊഹ്ലി പറഞ്ഞു. കിവീസിനെതിരായ ആദ്യ ടെസ്റ്റില്‍ അശ്വിന്റെ പ്രകടന മികവിലായിരുന്നു ഇന്ത്യ 197 റണ്‍സിന് വിജയിച്ചത്. ടെസ്റ്റ് കരിയറിലെ 200 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട അശ്വിന്‍ രണ്ട് ഇന്നിംഗ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയിരുന്നു.