Sports
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ പി ആര്‍ ശ്രീജേഷ് നയിക്കുംഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ പി ആര്‍ ശ്രീജേഷ് നയിക്കും
Sports

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ പി ആര്‍ ശ്രീജേഷ് നയിക്കും

Dr. Muhammed Irshad
|
1 April 2017 7:35 AM GMT

മലേഷ്യയിലെ ക്വാന്റനില്‍ ഈ മാസം ഇരുപതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ പതിനെട്ടംഗ ഇന്ത്യന്‍ ടീമിനെ മലയാളി താരം പി ആര്‍ ശ്രീജേഷ് നയിക്കും. മന്‍പ്രീത് സിംഗാണ് വൈസ് ക്യാപ്റ്റന്‍. മലേഷ്യയിലെ ക്വാന്റനില്‍ ഈ മാസം ഇരുപതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

റിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് ഗോള്‍ കീപ്പര്‍ ശ്രീജേഷായിരുന്നു. ആ പരിചയ സമ്പത്ത് മലേഷ്യയിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഹോക്കി ഇന്ത്യ ശ്രീജേഷിനെ നായക സ്ഥാനത്ത് നിലനിര്‍ത്തിയത്.

ഒളിംപിക്സ് കളിച്ച ടീമില്‍ നിരവധി മാറ്റങ്ങളുമായാണ് ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള പതിനെട്ടംഗ ടീമിനെ പ്രഖ്യാപിച്ചത്. പരിചയ സമ്പന്നനായ വി ആര്‍ രഘുനാഥിന് വിശ്രമം നല്‍കി. ഡിഫന്‍ഡര്‍ ജസ്ജീത് സിംഗ് കുലാര്‍ ടീമില്‍ തിരിച്ചെത്തി. ഏറെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന ബീരേന്ദ്ര ലക്രയും ടീമില്‍ ഇടം പിടിച്ചു. മുട്ടിനേറ്റ പരിക്കിനെ തുടര്‍ക്ക് ലക്രക്ക് ഒളിംപിക്സ് നഷ്ടമായിരുന്നു. മുന്നേറ്റനിരയില്‍ ആകാശ്ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. തല്‍വീന്ദര്‍ സിംഗ്, ലലിത് കുമാര്‍ ഉപാധ്യായ എന്നിവര്‍ ആകാശിനും രമണ്‍ദീപിനും പകരം ടീമിലെത്തി.

നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്താന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന, ആതിഥേയരായ മലേഷ്യ എന്നിവരാണ് ഇന്ത്യയെ കൂടാതെ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍.

Similar Posts