ഒളിമ്പിക്സിന് ശേഷം ഉസൈന്‍ ബോള്‍ട്ട് വിരമിക്കും
|റയോ ഒളിമ്പിക്സോടെ ട്രാക്കിനോട് വേഗതയുടെ രാജകുമാരന്‍ വിട പറയും.
റയോ ഒളിമ്പിക്സോടെ ട്രാക്കിനോട് വേഗതയുടെ രാജകുമാരന്‍ വിട പറയും. റയോ ഡി ജനീറോയിലേത് തന്റെ കരിയറിലെ അവസാന ഒളിമ്പിക്സ് ആയിരിക്കുമെന്ന് ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് അറിയിച്ചു. ആറു തവണ ഒളിമ്പിക്സില്‍ വേഗതയുടെ പര്യായമായി മാറിയ ബോള്‍ട്ട്, ടോക്കിയോ ഒളിമ്പിക്സ് വരെ ട്രാക്കിലുണ്ടാകുമെന്നായിരുന്നു ജനുവരിയില്‍ സൂചിപ്പിച്ചത്. എന്നാല്‍ മറ്റു ചില കാരണങ്ങളാല്‍ റയോയില്‍ താന്‍ ബൂട്ട് അഴിക്കുമെന്ന് ബോള്‍ട്ട് പറഞ്ഞു. ഇനിയുമൊരു നാലു വര്‍ഷം കൂടി ട്രാക്കില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. റയോയില്‍ മൂന്നു സ്വര്‍ണ മെഡലുകള്‍ നേടുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‍നം. ഈ ലക്ഷ്യത്തിലേക്കാണ് തന്റെ പ്രയാണം. 200 മീറ്ററില്‍ കൂടുതല്‍ ശ്രദ്ധയൂന്നുമെന്നും 29 കാരനായ ബോള്‍ട്ട് പറഞ്ഞു. ബീജിങ് - ലണ്ടന്‍ ഒളിമ്പിക്സുകളില്‍ 100, 200, 4x100 മീറ്റര്‍ റിലേ തുടങ്ങിയ ഇനങ്ങളില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട ബോള്‍ട്ട് റയോയില്‍ കൂടി ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.