പാകിസ്താനുമായി ക്രിക്കറ്റ് കളിക്കില്ല: ബിസിസിഐ
|പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യ - പാക് ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കുന്ന കാര്യം വിദൂരഭാവിയില്‍ പോലും അലോചിക്കുന്നില്ലെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞുകയറിയ പാക് ഭീകരര്‍ ഉറിയില്‍ സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്.
പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇതുപോലൊരു രാജ്യവുമായി ക്രിക്കറ്റ് കളിക്കുന്നതു സംബന്ധിച്ച ചോദ്യം പോലും ഉദിക്കുന്നില്ല. 2009 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക് താരങ്ങള്‍ക്ക് സ്ഥാനമില്ല. അടുത്തിടെ പാക് - ഇന്ത്യ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ ഉറിയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി വിദൂരഭാവിയില്‍ പോലും ഈയൊരു മത്സരത്തിന് കളമൊരുങ്ങില്ലെന്ന് ഉറപ്പായി.