ബിസിസിഐ - ലോധ തര്‍ക്കത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു
|ബി.സി.സി. ഐയുടെ ഫണ്ട് വിതരണത്തിന് സുപ്രീം കോടതി തല്‍ക്കാലത്തേക്ക് വിലക്ക്. സംസ്ഥാന അസോസിയേഷനുകള്‍ക്കുള്ള 400 കോടിയുടെ ഫണ്ട് വിവതരണമാണ് വിലക്കിയത്.
ബി സി സി ഐ ഭരണത്തില്‍ ലോധ കമ്മിറ്റി ശിപാര്‍കള്‍ നടപ്പാക്കുന്ന കാര്യത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ബിസിസിഐ കൂടുതല്‍ സമയം തേടി. അതേസമയം കോടതി ഉത്തരവ് പാലിക്കാത്ത ബി സി സി ഐ ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി കൈകൊള്ളണമെന്ന് അമിക്യുസ്‍കുറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.
ലോധ കമ്മറ്റി ശിപാര്‍ശകള്‍ നടപ്പാക്കാത്തതില്‍ ബിസിസിഐ ഇന്നും സുപ്രീം കോടതിയുടെ പഴി കേട്ടു. നിരന്തരം ഒഴിവ് കഴിവ് പറയുകയാണ് ബിസിസിഐ ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി. കേസില്‍ സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ലോധ കമ്മറ്റി നിര്‍ദ്ദേശപ്രകാരം ഉന്നതാധികാര സമിതിയില്‍ കംട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ പ്രതിനിധിയെ നിയമിച്ചാല്‍ അത് ബോര്‍ഡിന്‍മേലുള്ള സര്‍ക്കാര്‍ ഇടപെടലായി കണക്കാക്കപ്പെടുമോ എന്നും, ഐസിസിയുടെ നടപടി നേരിടേണ്ടി വരുമോ എന്നും ബിസിസിഐ മുന്‍ അധ്യക്ഷന്‍ ശശാങ്ക മനോഹര്‍ ഭയപ്പെട്ടിരുന്നതായി സത്യവാങ്‍മൂലത്തില്‍ പറയുന്നു. അതേസമയം കേസില്‍ ബിസിസിഐക്കെതിരെ അമിക്യുസ്‍കുറി ഗോപാസ്‍ സുബ്രഹ്മണ്യം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാത്ത ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികള്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ കൂടുതല്‍ സമയം അനുവദിക്കണമെന്ന ബിസിസിഐ അഭിഭാഷന്‍ കപില്‍ സിബലിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച സുപ്രീം കോടതി വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു.