ഇറ്റലി – സ്പെയിന്‍ സ്വപ്ന മത്സരവുമായി യൂറോ പ്രീ ക്വാര്‍ട്ടര്‍ ലൈന്‍ അപ്പ്
|ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് അവസാന പതിനാറില്‍ ഇടം പിടിച്ചത്.
യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ആദ്യ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോളണ്ടിനെ നേരിടും. ഇറ്റലിയും സ്പെയിനും തമ്മിലുള്ള മത്സരമാണ് പ്രീക്വാര്‍ട്ടറിലെ ഗ്ലാമര്‍ പോരാട്ടം. സമനിലകളി കഴിഞ്ഞു. ഇനി നോക്കൌട്ട് ഘട്ടം. ജയിച്ചാല്‍ മുന്നോട്ടും തോറ്റാല്‍ വീട്ടിലേക്കും പോകാം.
ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് അവസാന പതിനാറില്‍ ഇടം പിടിച്ചത്. സ്ലൊവാക്യ, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നീ ടീമുകളാണ് മൂന്നാംസ്ഥാനക്കാരായി കയറിപ്പറ്റിയത്. ഇതില്‍ പോര്‍ച്ചുഗലാണ് ഒരു ജയം പോലുമില്ലാതെ പ്രീക്വാര്‍ട്ടറില്‍ എത്തിയത് . ശനിയാഴ്ച വൈകീട്ട് പോളണ്ടും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള മത്സരത്തോടെ പ്രീ ക്വാര്‍ട്ടറിന് തുടക്കമാകും. ശനിയാഴ്ച തന്നെ വെയ്ല്‍സ് വടക്കന്‍ അയര്‍ലന്‍ഡിനെയും ക്രൊയേഷ്യ പോര്‍ച്ചുഗലിനെയും നേരിടും. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ ഫ്രാന്‍സ് അയര്‍ലണ്ടിനെ നേരിടുമ്പോള്‍ ജര്‍മനിക്ക് എതിരാളികളായി സ്ലൊവാക്യയും ബെല്‍ജിയത്തിനെതിരെ ഹംഗറിയും എത്തും. ഫൈനലിനോളം പോന്ന പ്രീക്വാര്‍ട്ടര്‍ മത്സരമാണ് ഇറ്റലിയും സ്പെയിനും തമ്മിലുള്ളത്. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ നഷ്ടം യൂറോ കപ്പിന്റേതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ നന്നായി കളിച്ചതില്‍ ഒരു സംഘത്തിന്റെ കളി യൂറോക്ക് പിന്നെ കാണാനാകില്ല. അപ്രതീക്ഷിത കുതിപ്പ് നടത്തിയെത്തിയ ഐസ് ലന്‍ഡും തപ്പി തടഞ്ഞ ഇംഗ്ലണ്ടും തമ്മിലാണ് അവസാന പ്രീ ക്വാര്‍ട്ടര്‍.