വാഡയുടെ വെബ്‍സൈറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
|റഷ്യന്‍ സൈബര്‍ ചാരസംഘടനകളാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് വാഡയുടെ ആരോപണം.
അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയുടെ വെബ്‍സൈറ്റിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വെബ്‍സൈറ്റ് ഹാക്ക് ചെയ്ത ഗ്രൂപ്പുകള്‍ 25ഓളം കായികതാരങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യന്‍ സൈബര്‍ ചാരസംഘടനകളാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് വാഡയുടെ ആരോപണം.
അമേരിക്ക, ബ്രിട്ടന്‍, ചെക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, പോളണ്ട്, റൊമേനിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 25 ഓളം കായികതാരങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടന്റെ സൈക്കിളിഗ് താരങ്ങളായ ക്രിസ് ഫ്രൂം, ബ്രാഡ്‌ലീ വിഗിന്‍സ് എന്നിവരുള്‍പ്പെടെ 25ഓളം താരങ്ങള്‍ ഇതിലുള്‍പ്പെടുന്നു. റഷ്യയിലെ എപിടി28 , ഫാന്‍സി ബിയര്‍ എന്നി ഹാക്കിങ് ഗ്രൂപ്പുകളാണ് സംഭവത്തിന് പിന്നിലെന്നാണ് വാഡയുടെ ആരോപണം. വാഡയുടെ വെബ്‍സൈറ്റ് ഹാക്ക് ചെയ്ത ഗ്രൂപ്പുകള്‍ അമേരിക്കന്‍ താരങ്ങളായ സെറീന വില്ല്യംസ്, വീനസ് വില്ല്യംസ്, സിമോണ്‍ ബിലെസ് എന്നിവരുടെ നിര്‍ണായക വിവരങ്ങള്‍ നേരത്തെ ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു. താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി പറയുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കമാണ് പുറത്തുവിട്ടത്.
റിയോ ഒളിമ്പിക്സിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുണ്ടാക്കിയ അക്കൌണ്ട് വഴിയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വാഡ പറഞ്ഞു. ദേശീയ ഉത്തേജകവിരുദ്ധ സംഘടനകളുടെയും അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും പിന്തുണ തേടുമെന്ന് വാഡ അറിയിച്ചു.
നടപടി സ്വീകരിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടതായും വാഡ അറിയിച്ചു. വിലക്ക് മൂലം റിയോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും പങ്കെടുക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നില്ല. ആഗോള ഉത്തേജകവിരുദ്ധ സംവിധാനത്തെ തകര്‍ക്കാനാണ് റഷ്യയുടെ ശ്രമമെന്നാണ് വാഡയുടെ വാദം.