മെഡല്‍ നേടുന്ന താരങ്ങള്‍ക്കുള്ള സമ്മാനതുക വാഗ്ദാനം മാത്രമായി ഒതുങ്ങുന്നു
|ദേശീയ സ്കൂള്‍ മീറ്റുകളില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സമ്മാനത്തുക നാല് വര്‍ഷമായി നല്കുന്നില്ല
സ്കൂള്‍ മീറ്റുകളില്‍ മിന്നിത്തിളങ്ങുന്ന താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കിട്ടുന്നത് അവഗണന മാത്രം. ദേശീയ സ്കൂള്‍ മീറ്റുകളില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സമ്മാനത്തുക നാല് വര്‍ഷമായി നല്കുന്നില്ല. പല തവണ പരാതിപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ആശാവഹമല്ലെന്നും താരങ്ങള്‍.
ദേശീയ സ്കൂള്‍ അത്‍ലറ്റിക് മീറ്റിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 30,000 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനത്തുക. വെള്ളി മെഡല്‍ ജേതാവിന് 25,000 വും വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് 20,000 വും.
പക്ഷേ, നാല് കൊല്ലമായി ഈ സമ്മാനം കടലാസില്‍ മാത്രമാണ്. അര്‍ഹരായവര്‍ പലരും സ്കൂള്‍ തലം കഴിഞ്ഞ് ജോലിക്ക് കയറി.
ദേശീയ ജൂനിയര്‍ മീറ്റ് ജേതാക്കള്‍ക്കും 2012 ന് ശേഷമുള്ള സമ്മാനത്തുക കുടിശ്ശികയാണ്. ലോക സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമിലെ തമിഴ്നാട് താരത്തിന് 2 ലക്ഷം രൂപ കിട്ടിയപ്പോള്‍ അതേ ടീമിലെ മലയാളി താരത്തിന് ആയിരം രൂപ കൊടുത്ത് സര്‍ക്കാര്‍ മാതൃകയായി.