ഒരു മത്സരത്തില്‍ 43 ഗോളുകള്‍ വഴങ്ങിയ ഗോളിയെ പൊലീസ് ചോദ്യം ചെയ്തു
|പകുതി സമയത്ത് വോന്‍ഡെറോട്ട് എതിരില്ലാത്ത 35 ഗോളുകള്‍ക്ക് പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ക്വിയോടെക് കൂടുതല്‍ ജാഗ്രത പുറത്തെടുത്തെടുത്തെങ്കിലും ...
ഒരു മത്സരത്തില്‍ 43 ഗോളുകള്‍ വഴങ്ങിയ ഗോള്‍ കീപ്പറെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ജര്‍മനിയിലാണ് സംഭവം. ലീഗില്‍ എസ്‍വി വോന്‍ഡെറോര്‍ട്ടും പിഎസ്‍വി ഓബര്‍ഹ്യൂസനും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് ഗോള്‍ കീപ്പറെ പൊലീസുകാര്‍ പരിശീലന സ്ഥലത്തേു നിന്നും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. വോന്‍ഡെറോട്ടിന്‍റെ കാവലാളായ മാര്‍ക്കോ ക്വിയോടെകാണ് ദൌര്‍ഭാഗ്യവാനായ താരം. മത്സരത്തില്‍ 43 തവണയാണ് ക്വിയോടെകിനെ മറികടന്ന് പന്ത് ഗോള്‍ വലയില്‍ പതിച്ചത്. പകുതി സമയത്ത് വോന്‍ഡെറോട്ട് എതിരില്ലാത്ത 35 ഗോളുകള്‍ക്ക് പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ക്വിയോടെക് കൂടുതല്‍ ജാഗ്രത പുറത്തെടുത്തെടുത്തെങ്കിലും എട്ട് ഗോള്‍ കൂടി വഴങ്ങി.
മത്സരം കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ കീപ്പറെ തേടി പൊലീസ് എത്തിയത്. ക്ലബ്ബിന്‍റെ പരിശീല ഗ്രൌണ്ടില്‍ രണ്ട് കാറുകളിലായി എത്തിയ പൊലീസുകാര്‍ 25 കാരനായ ഗോള്‍ കീപ്പറുമായി മടങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ക്വിയോടെക്കിനെ വിട്ടയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗോള്‍ വഴങ്ങലിനു പിന്നിലെ പൊലീസ് അന്വേഷണത്തെ കുറിച്ച് പ്രതികരിക്കാന്‍ ക്ലബ്ബോ താരമോ തയ്യാറായില്ല.