ആന്‍ഡി മുറെയോട് 'പടവെട്ടി' ഡേവിഡ് ബെക്കാമിന്റെ മകന്
|ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയും മുന്‍ ലോക ഫുട്ബോളര് ഡേവിഡ് ബെക്കാമിന്റെ മകന് റോമിയോ ബെക്കാമും തമ്മിലുള്ള ടെന്നീസ് മത്സരമായിരുന്നു ക്വീന്‍സ് ക്ലബ്ബിലെത്തിയവര്ക്ക് അപൂര്‍വ കാഴ്ചയായത്.
ഇംഗ്ലണ്ടിലെ ക്വീന്‍സ് ക്ലബ് ഇന്നലെ ഒരപൂര്‍വ മത്സരത്തിന് സാക്ഷ്യം വഹിച്ചു. ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയും മുന്‍ ലോക ഫുട്ബോളര് ഡേവിഡ് ബെക്കാമിന്റെ മകന് റോമിയോ ബെക്കാമും തമ്മിലുള്ള ടെന്നീസ് മത്സരമായിരുന്നു ക്വീന്‍സ് ക്ലബ്ബിലെത്തിയവര്ക്ക് അപൂര്‍വ കാഴ്ചയായത്.
ഫുട്ബോളില്‍ നിന്ന് വിരമിച്ച ശേഷം ബിസിനസ് ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ഡേവിഡ് ബെക്കാം പിന്നീട് മാധ്യമ ശ്രദ്ധ നേടിയത് ബിസിനസ് രംഗത്തെ മുന്നേറ്റത്തിലൂടെയാണ്. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഡേവിഡ് ബെക്കാം ഇന്നലെ ലണ്ടനിലെ ക്വീന്‍സ് ക്ലബ്ബിന്റെ ടെന്നീസ് കോര്‍ട്ടിലെത്തിയത് മകന്റെ കളി കാണാനാണ്. ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ആന്‍ഡി മുറെയുമൊത്താണ് ബെക്കാമിന്റെ മകന് റോമിയോ ബെക്കാം കളിക്കുന്നത്. അച്ഛനെ പോലെ ഫുട്ബോളിലല്ല, ടെന്നീസിലാണ് റോമിയോ ബെക്കാമിന് കമ്പം. മകന്റെ ടെന്നീസ് കളിയെ കുറിച്ച് അച്ഛന്റെ അഭിപ്രായമിങ്ങനെ: എനിക്കൊരു സംശയവുമില്ല, റോള്‍മോഡലുകള്‍ എന്നും കുട്ടികള്‍ക്ക് ആവേശം നല്‍കും. അവരെ ആവേശം കൊളളിക്കുന്നതെന്തോ അത് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കണം. ആന്‍ഡി അത്തരം കളിക്കാരില്‍ പെട്ടയാളാണ്. പതിമൂന്നുകാരനായ മകന് ആന്‍ഡി മുറെയുമൊത്ത് കളിക്കുന്നത് കൌതുകത്തോടെ ബെക്കാം നോക്കിയിരുന്നു. പിന്നെ ഇരുവരുടെയും കളി തന്റെ മൊബൈലില്‍ പകര്‍ത്തി, പിതൃവാത്സല്യത്തോടെ.