റിയോ ട്രാക്കില്‍ റിലേ ചരിത്രം കുറിക്കാനൊരുങ്ങി അനില്‍ഡ
|4 ഗുണം 400 മീറ്റര്‍ റിലേയിലാണ് അനില്‍ഡ മത്സരിക്കുന്നത്
ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്സ് ദീപം പ്രകാശിക്കുമ്പോള്‍ എറണാകുളത്തെ വടാട്ടുപാറയിലെ ചിറ്റയം വീട് സ്വപ്നസമാനമായ നിമിഷങ്ങളിലാവും ഉണ്ടാവുക. അനില്‍ഡ തോമസ് എന്ന കായിക താരം ഒളിമ്പിക്സിലെത്തുക എന്നത് ഈ കുടുംബത്തിന്റെ ലക്ഷ്യം ആയിരുന്നു. 4 ഗുണം 400 മീറ്റര്‍ റിലേയിലാണ് അനില്‍ഡ മത്സരിക്കുന്നത്.
ഈ വീട്ടില്‍ സന്തോഷത്തിന്റെയും ആശങ്കയുടേയും ദിനങ്ങളാണിനി. തന്റെ മകളുടെ സ്വപ്നം യാഥാര്‍ഥ്യമാകണം എന്ന പ്രാര്‍ഥനയിലാണ് അനില്‍ഡയുടെ അച്ഛനും അമ്മയും. ഏതൊരു കായിക താരത്തിന്റെയും സ്വപ്നമാണ് ഒളിമ്പിക്സ്. റിയോ ട്രാക്കില്‍ റിലേ ടീം ചരിത്രം കുറിച്ചാല്‍ അതിന്റെ ഭാഗമാകും ആറംഗ സംഘത്തിലെ രണ്ടാമത്തെ മലയാളിയായ അനില്‍ഡ. ജിസ്ന മാത്യു ആണ് മറ്റൊരു താരം. ചേച്ചി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരിയും കായിക താരവുമായ അലീന തോമസ് പറഞ്ഞു.
മലയോര മേഖലയായ കോതമംഗലത്തു നിന്നാണ് അനില്‍ഡ തോമസ് എന്ന കായിക താരം ഒളിമ്പിക്സിലെത്തുന്നത്. കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നതോടെയാണ് അനില്‍ഡയുടെ കായിക ജീവിതത്തിന് ചിറകുമുളക്കുന്നത്. അന്തര്‍ സര്‍വകലാശാല മീറ്റുകളില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് ഈ കായിക താരം മുന്നേറിയത്. ദേശീയ ഗെയിംസിലും മകിച്ച പ്രകടനം നടത്തി. റിയോയില്‍ ഇഷ്ടയിനമായ 400 മീറ്ററില്‍ മത്സരിക്കാന്‍ കഴിയാത്തതിന്റെ ദുഖം അനില്‍ഡക്കും കുടുംബത്തിനും ഉണ്ട്.