മലേഷ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഡാനിയല്‍ റിക്കാര്‍ഡിയോ ജേതാവ്
|ജയത്തോടെ റോസ്ബര്‍ഗുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാമെന്ന ഹാമില്‍ട്ടണിന്റെ പ്രതീക്ഷകളാണ് ഇതോടെ തകര്‍ന്നത്
മലേഷ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡിയോ ജേതാവ്. റെഡ്ബുള്ളിന്റെ തന്നെ മാര്‍ക്സ് വെര്സ്റ്റപ്പാന് രണ്ടാം സ്ഥാനത്തെത്തി. എന്ജിന് തകരാര്‍ കാരണം മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് മത്സരം പൂര്‍ത്തിയാക്കാനായില്ല. ഒരു മണിക്കൂര്‍ 37 മിനിറ്റ് 12.776 സെക്കന്‍ഡിലാണ് റിക്കാര്‍ഡിയോ ഫിനിഷ് ചെയ്തത്.
മൂന്ന് സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ മാര്‍ക്ക് വെര്സ്റ്റപ്പാന് രണ്ടാമതെത്തി. ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മെഴ്സിഡസിന്റെ നിക്കോ റോസ്ബര്ഗിനാണ് മൂന്നാം സ്ഥാനം. പോള്‍ പൊസിഷനില്‍ മത്സരിച്ച ലൂയിസ് ഹാമില്ട്ടണ് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്നു. നാല്പത്തി മൂന്നാമത്തെ ലാപ്പിലെത്തിയപ്പോള്‍ ഹാമില്‍ട്ടണിന്റെ കാറില്‍ നിന്നും എന്ജിന് തകരാര്‍ മൂലം പുക ഉയര്‍ന്നു. ഇതോടെ ഹാമില്ട്ടണ് മത്സരം പൂര്‍ത്തിയാക്കാനായില്ല.
ജയത്തോടെ റോസ്ബര്‍ഗുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാമെന്ന ഹാമില്‍ട്ടണിന്റെ പ്രതീക്ഷകളാണ് ഇതോടെ തകര്‍ന്നത്. നിലവില്‍ റോസ്ബര്‍ഗിന് 288ഉം ഹാമില്ട്ടണ് 265 പോയിന്റുമാണുള്ളത്.