സന്തോഷ് ട്രോഫി: കേരളത്തിനും കര്‍ണാടകയ്ക്കും ഇന്ന് നിര്‍ണായകം
|ഇന്ന് സമനില നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൌണ്ടിലേക്ക് പ്രവേശിക്കാനാവും.
സന്തോഷ് ട്രോഫി യോഗ്യതാ റൌണ്ടില്‍ കേരളം ഇന്ന് കര്‍ണാടകയെ നേരിടും. ഇന്ന് സമനില നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൌണ്ടിലേക്ക് പ്രവേശിക്കാനാവും.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച കേരളത്തിന് കര്‍ണാടകയുമായുള്ള മത്സരം സമനിലയിലായാലും പോയിന്റ് നിലയില്‍ ഒന്നാമത് എത്തി ഗ്രൂപ്പില്‍ നിന്ന് ഫൈനല്‍ റൌണ്ടിലേക്ക് എത്താനാവും. പക്ഷേ കര്‍ണാടകയോട് തോറ്റാല്‍ കേരളത്തിന്റെ നില ആശങ്കയിലാവും. അങ്ങനെ വന്നാല്‍ കേരളത്തിനും കര്‍ണാടകയ്ക്കും ഓരോ പോയിന്റ് നിലയാവും. അപ്പോള്‍ പരസ്പരം ഏറ്റമുട്ടിയപ്പോള്‍ വിജയിച്ച ടീം യോഗ്യത നേടും. എന്നാല്‍ കേരളം തോല്‍ക്കുകയും അടുത്ത മത്സരത്തില്‍ ആന്ധ്ര ജയിക്കുകയും ചെയ്താല്‍ കേരളത്തിനും കര്‍ണാടകയ്ക്കും അന്ധ്രപ്രദേശിനും ഓരോ പോയിന്റാവും, അപ്പോള്‍ ഗോള്‍ ശരാശരി വിധി നിര്‍ണയിക്കും. അതിനാല്‍ കര്‍ണാടകയെ തോല്‍പ്പിച്ച് വ്യക്തമായ ആധിപത്യത്തോടെ ഫൈനല്‍ റൌണ്ടിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ കളിയിലെ ആദ്യപകുതിയില്‍ ടീം പ്രകടിപ്പിച്ച ഒത്തിണക്കം തുടര്‍ന്നാല്‍ കര്‍ണാടകയെ മറികടക്കാനാകുമെന്നും കേരളം കണക്ക് കൂട്ടുന്നു. ആദ്യ കളിയില്‍ ആന്ധ്രയോട് തോറ്റ കര്‍ണാടക പുതുച്ചേരിക്ക് എതിരായ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. ഇരു ടീമുകള്‍ക്കും മത്സരം നിര്ണായകമായതിനാല് കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.