സേവാഗ് പരിശീലകനായേക്കുമെന്ന് സൂചന
|സേവാഗിലേക്ക് കാര്യങ്ങള്‍ എത്തി നില്ക്കുമ്പോള് അത് കൊഹ്ലിയെ ബോധ്യപ്പടുത്തേണ്ട ചുമതല കൂടി സമിതിക്കുണ്ട്. എന്നാല്‍ തങ്ങളുടെ തീരുമാനത്തിന് സമിതി കൊഹ്ലിയുടെ സമ്മതം തേടുകയാണെന്ന വ്യാഖ്യാനം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ് എത്തിയേക്കുമെന്ന് സൂചന. പരിശീലകനെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ ഉപദേശകസമിതി സേവാഗിന് അനുകൂലമായി തീരുമാനം കൈകൊണ്ട് കഴിഞ്ഞതായി വിശ്വസനീയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നായകന് കൊഹ്ലിയുമായി ആശയവിനിമയം നടത്തിയ ശേഷം തീരുമാനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന നിലപാടിലേക്ക് ഉപദേശക സമിതിയെ നയിച്ചതും ഈ വസ്തുതയാണ്.
കൊഹ്ലിയുടെ ഇഷ്ടക്കാരന് കൂടിയായ മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി പരിശീലകനായി എത്തുമെന്നായിരുന്നു അഭിമുഖങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെയുള്ള പൊതുധാരണ. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള തന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സേവാഗ് അവതരിപ്പിച്ച കര്‍മ്മ പദ്ധതി സച്ചിന്, ഗാംഗുലി, ലക്ഷ്മണ് എന്നിവരെ ഏറെ ആകര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് കാര്യങ്ങള്‍ വീരുവിന് അനുകൂലമായി മാറിയതും.
കൊഹ്ലിയുമായി സംസാരിക്കാനുള്ള ഉപദേശക സമിതിയുടെ തീരുമാനം തന്നെ മത്സരത്തില്‍ നിന്നും ശാസ്ത്രി പുറത്തായെന്നതിന്റെ വ്യക്തമായ സൂചനയായാണ്വിലയിരുത്തുന്നത്. ശാസ്ത്രിക്ക് അനുകൂലമായിരുന്നു തീരുമാനമെങ്കില്‍ പ്രഖ്യാപനം നീട്ടിവയ്ക്കേണ്ടി വരില്ലായിരുന്നു. കൊഹ്ലിയും ശാസ്ത്രിയും തമ്മിലുള്ള മനപ്പൊരുത്തം തന്നെ ഇതിന് കാരണം. എന്നാല്‍ സേവാഗിലേക്ക് കാര്യങ്ങള്‍ എത്തി നില്ക്കുമ്പോള് അത് കൊഹ്ലിയെ ബോധ്യപ്പടുത്തേണ്ട ചുമതല കൂടി സമിതിക്കുണ്ട്. എന്നാല്‍ തങ്ങളുടെ തീരുമാനത്തിന് സമിതി കൊഹ്ലിയുടെ സമ്മതം തേടുകയാണെന്ന വ്യാഖ്യാനം ഈ നീക്കത്തിന് നല്‍കേണ്ടതില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
അഭിമുഖത്തില്‍ പങ്കെടുത്ത അഞ്ച് പേരില്‍ പരിശീലകനെന്ന നിലയില്‍ ഒട്ടും തന്നെ മുന്‍പരിചയമില്ലാത്തയാളെ നിയോഗിക്കുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കുക കൂടി മൂവര്‍ സംഘത്തിന്റെ ലക്ഷ്യമാണ്. പരിശീലകന് ഏതു രീതിയിലാണ് നീങ്ങുക എന്ന് വിരാടും മനസിലാക്കേണ്ടതുണ്ടെന്ന ഗാംഗുലിയുടെ വാക്കുകള്‍ വ്യക്തമായ സൂചനയാണ്.