റഷ്യയെ ഒളിമ്പിക്സില്‍ നിന്ന് വിലക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല
|വിഷയത്തില്‍ നിയമോപദേശം തേടാനാണ് ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം
റഷ്യയെ ഒളിമ്പിക്സില്‍നിന്ന് വിലക്കുന്ന കാര്യത്തില്‍ ചേര്‍ന്ന രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി യോഗം അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ നിയമോപദേശം തേടാനാണ് ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. മറ്റൊരു റിപ്പോര്‍ട്ടില്‍ രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി റഷ്യക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു.
ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെയും, അമേരിക്ക, കാനഡ, ബ്രിട്ടന്‍ സമിതികളുടെയും സമ്മര്‍ദങ്ങള്‍ക്കിടെയായിരുന്നു രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി യോഗം. റഷ്യയെ ഒളിമ്പിക്സില്‍ വിലക്കുന്ന നടപടിക്ക് നിയമോപദേശം തേടാനാണ് ടെലികോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗ തീരുമാനം. ഇതിനിടെ, റഷ്യക്കെതിരെ ഐ.ഒ.സി അച്ചടക്ക നടപടി ആരംഭിച്ചു. 2014 സോചി ശീതകാല ഒളിമ്പിക്സ് ഉത്തേജക മരുന്ന് വിവാദം അന്വേഷിച്ച കനേഡിയന്‍ അഭിഭാഷന്‍ റിച്ചാര്‍ഡ് മക്ലറന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണിത്.
ഒരു കായികമേളക്കും റഷ്യയെ വേദിയാക്കേണ്ടെന്നാണ് നടപടിയുടെ ഭാഗമായുള്ള പ്രധാന നിര്‍ദേശം. 2019 യൂറോപ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ളവ റദ്ദാക്കും.റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള ഒഫീഷ്യലുകള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. റഷ്യന്‍ കായിക മന്ത്രി വിറ്റാലി മറ്റ്കോയെ റിയോ ഒളിമ്പിക്സിന് തടയും എന്നിവക്ക് പുറമെ സോചി ഒളിമ്പിക്സില്‍ പങ്കെടുത്ത അത്ലറ്റുകളുടെ മൂത്ര സാമ്പിള്‍ വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. റഷ്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകള്‍ക്ക് ലോക അത്ലറ്റിക് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ വ്യാഴാഴ്ച സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിയുണ്ടാകും.