സംഘാടകര്‍ മുങ്ങി; ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് മുടങ്ങി
|കൊച്ചിയില്‍ നടക്കുന്ന ദേശിയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് കേരള സൈക്കിള്‍ പോളോ അസോസിയേഷന്റേയും സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയുടേയും രണ്ട് ടീമുകളാണ് എത്തിയതോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ മത്സരം നിര്‍ത്തി സംഘാടകര്‍ മുങ്ങി. കേരള ടീം മത്സരിക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ദേശീയ ഫെഡറേഷന് ഭാരവാഹികള്‍ മുങ്ങിയത്. ഇതോടെ കേരളത്തിന് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനായില്ല.
കൊച്ചിയില്‍ നടക്കുന്ന ദേശിയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് കേരള സൈക്കിള്‍ പോളോ അസോസിയേഷന്റേയും സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയുടേയും രണ്ട് ടീമുകളാണ് എത്തിയതോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്. ഹൈക്കോടതി വിധിയുമായി എത്തിയ കേരള സൈക്കിള്‍ പോളോ അസോസിയഷന്റെ ടീമിനെ മത്സരിപ്പിക്കാതെ എതിര്‍ടീമിനെ കളിപ്പിക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞദിവസം വിവാദമായിരുന്നു. തുടര്‍ന്ന് വീണ്ടും പുതിയ ഹൈക്കോടതി വിധിയുമായി കേരള സൈക്കിള്‍ പോളോ അസോസിയഷന്റെ ടീം വീണ്ടും എത്തിയതോടെയാണ് ഫെഡറേഷന് ഭാരവാഹികള്‍ മുങ്ങിയത്.
പൊലീസിന്റെ സംരക്ഷണയില്‍ മത്സരിക്കാനായി സ്പോര്‍ട്സ് കൌണ്‍സിലിന്റെ അംഗീകാരവുമായി കേരള സൈക്കിള്‍ പോളോ അസോസിയഷന്റെ ടീം എത്തിയപ്പോളാണ് സംഘാടകര്‍ മുങ്ങിയത് അറിഞ്ഞത്. ചാമ്പ്യന്‍ഷിപ്പ് പാതിയില്‍ ഉപേക്ഷിച്ച് സംഘാടകര്‍ മുങ്ങിയതോടെ കളിക്കാനെത്തിയ കുട്ടികളാണ് നിരാശരായത്. ഇന്ന് നടക്കേണ്ടിയിരുന്ന മറ്റ് മത്സരങ്ങളും ഇതോടെ ഉപേക്ഷിക്കപ്പെട്ടു.