എന്‍റെ പിഴ, എന്‍റെ വലിയ പിഴ; ദുഖം പങ്കിട്ട് മഹ്മദുള്ള
|ഞാനും മുഷ്ഫീഖറും ക്രീസില്‍ നിലകൊള്ളുമ്പോള്‍ രണ്ട് പന്തില്‍ നിന്നും മൂന്ന് റണ്‍സ് എന്ന ലക്ഷ്യം എത്തിപ്പിടിക്കാനാകാതെ പോകുമെന്ന് .....
ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കൈപ്പിടിയിലൊതുങ്ങിയ ജയം കളഞ്ഞു കുളിച്ചതിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന് ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ മഹ്മദുള്ള. സമാന സാഹചര്യം ഇനി ഉടലെടുക്കുകയാണെങ്കില്‍ ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
'എന്താണ് സംഭവിച്ചതെന്ന് എങ്ങനെയാണ് ഞാന്‍ മറക്കുക? ഞാനും മുഷ്ഫീഖറും ക്രീസില്‍ നിലകൊള്ളുമ്പോള്‍ രണ്ട് പന്തില്‍ നിന്നും മൂന്ന് റണ്‍സ് എന്ന ലക്ഷ്യം എത്തിപ്പിടിക്കാനാകാതെ പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. സത്യം പറയുകയാണെങ്കില്‍ രണ്ട് ബൌണ്ടറികള്‍ അടിച്ച ശേഷം മുഷ്ഫീഖര്‍ പുറത്തായത് എനിക്ക് വിശ്വസിക്കാവുന്നതിനും അപ്പുറത്തായിരുന്നു. പിന്നെ ഞാനും പുറത്തായി. അത് തീര്‍ത്തും എന്‍റെ തെറ്റായിരുന്നു. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ മുട്ടുകുത്തിക്കാനുള്ള ആ കനകാവസരം മുതലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഹൃദയഭേദകമായിരുന്നു'' - ബിഡിന്യൂസ്24ന് അനുവദിച്ച അഭിമുഖത്തില്‍ മഹ്മദുള്ള പറഞ്ഞു.
ഒരു റണ്‍ പരാജയം മറക്കാനാവുന്നില്ല. ഒരോ തവണയും ആ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ സ്വയം പൊറുക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന് പറഞ്ഞ താരം സമാന സാഹചര്യം ഇനി ഉടലെടുക്കുകയാണെങ്കില്‍ കൂറ്റനടിക്ക് മുതിര്‍ന്ന് വിക്കറ്റ് കളഞ്ഞു കുളിക്കില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
"അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അവസാന പന്തില്‍ ഒരു റണ്ണെങ്കിലും എടുക്കാനാകുമെന്നായിരുന്നു എന്‍റെ പ്രതീക്ഷ. പക്ഷേ അത് നടന്നില്ല. അത് തീര്‍ത്തും എന്‍റെ പിഴവായിരുന്നു. മത്സരം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമമാണ് വിനയായത്. അവസരമുണ്ടായിട്ടും എനിക്കത് മുതലെടുക്കാനായില്ല. സിക്സറിന് പറത്താന്‍ കഴിയുന്ന ഒരു പന്താണ് ഞാന്‍ കളഞ്ഞുകുളിച്ചത്. തിരിച്ചു പോയി ആ ഷോട്ട് ഉതിര്‍ക്കാന്‍ എനിക്കിനി കഴിയില്ല. എങ്കിലും ഇനി സമാന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ സുരക്ഷിതമായ രീതിയിലെ ഞാന്‍ ബാറ്റ് വീശുകയുള്ളൂ"