യൂറോകപ്പില്‍ ജര്‍മ്മനിയെ പോളണ്ട് സമനിലയില്‍ തളച്ചു
|അര്‍ക്കാഡ്യൂസ് മിലിക് രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അയല്‍ക്കാര്‍ക്ക് മുമ്പില്‍ നാണം കെട്ടേനെ ജര്‍മനി. ചിട്ടയായ പ്രതിരോധമാണ് പോളണ്ടിനെ ജര്‍മനിയെ പിടിച്ച് കെട്ടാന്‍ സഹായിച്ചത്.
യൂറോ കപ്പില്‍ ജര്‍മ്മനിയെ പോളണ്ട് സമനിലയില്‍ തളച്ചു. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളെന്നും നേടാനായില്ല. ലോക ചാമ്പ്യന്‍മാരെ തളക്കുക മാത്രമല്ല വിറപ്പിക്കുകയും ചെയ്ത ശേഷമാണ് പോളണ്ട് മത്സരത്തില്‍ സമനില വഴങ്ങിയത്.
അര്‍ക്കാഡ്യൂസ് മിലിക് രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അയല്‍ക്കാര്‍ക്ക് മുമ്പില്‍ നാണം കെട്ടേനെ ജര്‍മനി. ചിട്ടയായ പ്രതിരോധമാണ് പോളണ്ടിനെ ജര്‍മനിയെ പിടിച്ച് കെട്ടാന്‍ സഹായിച്ചത്. ജര്‍മ്മന്‍ ആക്രമണം വരുമ്പോള്‍ ആറോ ഏഴോ പേര്‍ പെനാല്‍റ്റി ബോക്സില്‍ പ്രതിരോധം തീര്‍ത്തു. കയ്യില്‍ പന്ത് കിട്ടുമ്പോള്‍ മൈതാനത്തിലേക്ക് വിന്യസിക്കാനും അവര്‍ക്കായി. മരിയോ ഗോട്സെയെ ഏക സ്ട്രൈക്കറാക്കി കളിച്ച ജര്‍മ്മനിക്ക് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മിലികിന് മികച്ച അവസരം കിട്ടി. ജര്‍മ്മന്‍ പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുക്കാന്‍ പക്ഷേ മിലികിനായില്ല. അധികം വൈകിയില്ല. ഒരിക്കല്‍ കൂടി മിലിക് അയല്‍ക്കാരെ തോല്‍പ്പിക്കാനുള്ള ഒരവസരം കൂടി നഷ്ടപ്പെടുത്തി. രണ്ടാം പകുതിയില്‍ പല മാറ്റങ്ങള്‍ വരുത്തിയിട്ടും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞില്ല.പോളണ്ടാണെങ്കില്‍ ഫിനിഷിങില്ലായ്മ കൊണ്ട് വലയുകയും ചെയ്തു.
പോളണ്ടിന് അടുത്ത മത്സരത്തില്‍ യുക്രൈനും ജര്‍മനിക്ക് വടക്കന്‍ അയര്‍ലന്‍ഡുമാണ് എതിരാളികള്‍. ഇരു ടീമുകള്‍ക്കും ഇത് വരെ നാല് പോയിന്‍റാണുള്ളത്.