സ്റ്റോക്സിനെ ചീത്തവിളിച്ച സാമുവല്‍സിന് പിഴശിക്ഷ
|ക്രിക്കറ്റ് ലോകം അമ്പരപ്പോടെയായിരുന്നു ട്വന്റി 20 ലോകകപ്പ് കലാശപ്പോരിലെ അവസാന ഓവര്‍ വെടിക്കെട്ട് കണ്ടുതീര്‍ത്തത്.
ക്രിക്കറ്റ് ലോകം അമ്പരപ്പോടെയായിരുന്നു ട്വന്റി 20 ലോകകപ്പ് കലാശപ്പോരിലെ അവസാന ഓവര്‍ വെടിക്കെട്ട് കണ്ടുതീര്‍ത്തത്. ഒരു മാസ് ക്രൈം ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു വിന്‍ഡീസ് വീരഗാഥ. മര്‍ലോണ്‍ സാമുവല്‍സ് എന്ന അതികായനായിരുന്നു വിന്‍ഡീസിന്റെ വിജയശില്‍പി. അവസാന ഓവറിലെ ആവേശ വിജയത്തിനിടെ ഇംഗ്ലീഷ് ബോളര്‍ ബെന്‍ സ്റ്റോക്സിനെ ചീത്ത വിളിച്ചതിന് സാമുവല്‍സിന് ഐസിസി പിഴശിക്ഷ വിധിച്ചു. ലെവല്‍ 1 ചട്ടത്തിന്റെ ലംഘനമാണ് സാമുവല്‍സ് നടത്തിയതെന്ന് ഐസിസി പറയുന്നു. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ. അവസാന ഓവറിലെ ആദ്യ മൂന്നു പന്തുകള്‍ ബ്രാത്ത്‍വെയിറ്റ് എന്ന കൂറ്റനടിക്കാരന്‍ സിക്സര്‍ പറത്തി ഇംഗ്ലീഷ് സ്കോറിനൊപ്പം വിന്‍ഡീസിനെ എത്തിച്ചപ്പോഴായിരുന്നു സ്റ്റോക്സിനു നേരെ സാമുവല്‍സ് വാക്ശരങ്ങള്‍ എയ്തത്. അന്വേഷണത്തില്‍ സാമുവല്‍സ് തന്റെ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് പിഴ വിധിച്ചത്.
ക്രിസ് ഗെയില്‍ എന്ന കരീബിയന്‍ സിംഹത്തിനപ്പുറം വിന്‍ഡീസ് ടീം വിഡ്ഡികളുടെ കൂട്ടമെന്ന് പരിഹസിച്ചവര്‍ക്ക്, ടീമിലെ ഓരോരുത്തരും മാച്ച് വിന്നേഴ്‍സാണെന്ന് തെളിച്ചുകൊടുക്കുകയായിരുന്നു ടൂര്‍ണമെന്റിലെ ഓരോ വിജയവും താര വീരഗാഥകളും. ഫൈനലിലെ അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. അതുവരെ സാമുവല്‍സിന്റെ തണലില്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞ ബ്രാത്ത്‍വെയ്റ്റ് എന്ന കൂറ്റനടിക്കാരന്‍ പൊട്ടിത്തെറിച്ചു. തുടര്‍ച്ചയായി നാലു പടുകൂറ്റന്‍ സിക്സറുകള്‍. ഇങ്ങനെയൊരു ക്ലൈമാക്സ് വിന്‍ഡീസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അവേശം അണപൊട്ടിയപ്പോള്‍ വികാരം ബുദ്ധിക്കും മേലെ പറന്നതില്‍ സാമുവല്‍സിനെയും കുറ്റംപറയാനൊക്കില്ല. ഏതായാലും ഐസിസിയുടെ നടപടിയില്‍ സാമുവല്‍സിന് പരാതിയില്ല. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടു തവണ കിരീടം ഉയര്‍ത്തുന്ന ആദ്യ ടീം എന്ന നിലക്കുള്ള സന്തോഷം മാത്രമേ സാമുവല്‍സിനുള്ളു.