Sports
ബ്രസീല്‍ ചീഞ്ഞ് ചിലിക്ക് വളമായപ്പോള്‍...ബ്രസീല്‍ ചീഞ്ഞ് ചിലിക്ക് വളമായപ്പോള്‍...
Sports

ബ്രസീല്‍ ചീഞ്ഞ് ചിലിക്ക് വളമായപ്പോള്‍...

Alwyn K Jose
|
10 Aug 2017 9:28 AM GMT

കഴിഞ്ഞ മൂന്ന് കൊല്ലക്കാലം ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ ശ്രദ്ധേയമാക്കിയത് ബ്രസീലിന്റെ തളര്‍ച്ചയോടൊപ്പം ചിലിയുടെ വളര്‍ച്ചയും കൂടിയായിരുന്നു.

കഴിഞ്ഞ മൂന്ന് കൊല്ലക്കാലം ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ ശ്രദ്ധേയമാക്കിയത് ബ്രസീലിന്റെ തളര്‍ച്ചയോടൊപ്പം ചിലിയുടെ വളര്‍ച്ചയും കൂടിയായിരുന്നു. ഫിഗറോവയും സമറാനോയും അരങ്ങുവാണ ചിലിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറ പക്ഷെ ക്ലോഡിയോ ബ്രാവോയും സംഘവുമാണ്. കഴിഞ്ഞ കോപയിലെ കിരീടവും തുടര്‍ച്ചയായ രണ്ടാം തവണ ഫൈനലിലെത്തിയതും ലാറ്റിനമേരിക്കന്‍ ശക്തികളെന്ന വിളിപ്പേരിന് ചിലിയെ അര്‍ഹരാക്കുന്നു.

ആന്‍ഡീസ് പര്‍വത നിരകളില്‍ ഇപ്പോഴും സ്വര്‍ണവും വെള്ളിയുമുണ്ടോയെന്ന് ചോദിച്ചാല്‍ ചിലിക്കാര്‍ക്കറിയില്ല. പക്ഷെ ഫുട്ബോള്‍ ഖനികളില്‍ നിന്നും അവര്‍ കുഴിച്ചെടുത്ത പതിനൊന്ന് മാണിക്യങ്ങളെ സാന്റിയാഗോയിലെ തെരുവീഥികളില്‍ നിരന്നുകിടക്കുന്ന ബാനറുകളില്‍ നിങ്ങള്‍ക്ക് കാണാം. ക്ലോഡിയോ ബ്രാവോയും സംഘവും ലാ റോയയുടെ ചരിത്രത്തിലെ സുവര്‍ണ തലമുറയാണ്. സ്വന്തം മണ്ണില്‍ നടന്ന കഴിഞ്ഞ കോപയില്‍ ലയണല്‍ മെസി നേതൃത്വം നല്‍കിയ അര്‍ജന്റീനയെ മുട്ടുകുത്തിച്ച് ചിലിയന്‍ പോരാളികള്‍ കിരീടത്തില്‍ മുത്തിമിടുമ്പോള്‍ അത് നെരുദയുടെ നാട്ടുകാരുടെ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന്റെ അന്ത്യമായിരുന്നു.

ഏലിയാസ് ഫിഗറോവക്കോ ഇവാന്‍ സമറാനോയ്ക്കോ മാഴ്സലോ സലാസിനോ സാധിക്കാത്തതാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ബ്രാവോയുടെ സംഘം നേടിയെടുത്തത്. ഫിഫയുടെ കണക്കുപുസ്തകത്തില്‍ അറുപതാം റാങ്കുണ്ടായിരുന്നവര്‍ 2015ല്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ബ്രസീലിന്റെ തളര്‍ച്ച കണ്ട ലാറ്റിനമേരിക്ക ചിലിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ ശക്തികളെന്ന വിശേഷണം ബ്രസീലിനും അര്‍ജന്റീനക്കുമൊപ്പം പങ്കിടാന്‍ ഞങ്ങളുമുണ്ടെന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഒരു പക്ഷെ ബ്രസീലിനും മുകളില്‍ ചിലിയിലെ ഫുട്ബോള്‍ ഖനികളില്‍ ഇപ്പോള്‍ സ്വര്‍ണവും വെള്ളിയും നിറയുകയാണത്രെ.

ബ്യൂണസ് അയേഴ്സും റയോ ഡി ജനീറോയും തേടി വണ്ടി കയറുന്ന യൂറോപ്യന്‍ ക്ലബുകള്‍ക്കിപ്പോള്‍ സാന്റിയാഗോയും ഇഷ്ടഭൂമികയാണ്. അവിടുത്തെ ക്ലബുകളില്‍ പുതുതായി പ്രത്യക്ഷപ്പെടുന്ന ഓരോ താരത്തിനും പിന്നാലെ യൂറോപ്യന്‍ ക്ലബുകളുടെ കഴുകന്‍ കണ്ണുകളുണ്ട്. നിലവിലുള്ള ടീമില്‍ തന്നെ ഗോള്‍ കീപ്പര്‍ ക്ലോ‍ഡിയോ ബ്രാവോ മുതല്‍ പ്രതിരോധത്തിലെ വന്‍ മതില്‍ മെഡലും മധ്യനിരയില്‍ അരാംഗ്വിസും വിദാലും മുന്നേറ്റ നിരയില്‍ അലക്സി സാഞ്ചസും പിനില്ലയും വരെ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ പൊന്നും വില വാങ്ങുന്നവരാണ്. എല്ലാറ്റിനുമൊടുവില്‍ ഒറ്റ കളിയകലെ നൂറ്റാണ്ടിന്റെ കോപ കിരീടവും ചിലിക്ക് മുന്നിലുണ്ട്. കഴിഞ്ഞ കോപയിലെ അതേ ഫൈനല്‍. അതേ വിധിയും കൂടി ആവര്‍ത്തിച്ചാല്‍ ചിലി വീണ്ടും ചരിത്രമാകും.
അര്‍ജന്റീനക്കും മുകളില്‍ ലാറ്റിനമേരിക്കയുടെ രാജപട്ടം അവര്‍ അരക്കിട്ടുറപ്പിക്കും, എല്ലാ അര്‍ത്ഥത്തിലും.

Similar Posts