Sports
ചരിത്രത്തെ പേടിച്ച് ജര്‍മ്മനി ഇറ്റലിക്കെതിരെചരിത്രത്തെ പേടിച്ച് ജര്‍മ്മനി ഇറ്റലിക്കെതിരെ
Sports

ചരിത്രത്തെ പേടിച്ച് ജര്‍മ്മനി ഇറ്റലിക്കെതിരെ

Ubaid
|
10 Aug 2017 9:12 AM GMT

യൂറോ കപ്പോ ലോകകപ്പോ എത്തുമ്പോള്‍ ഇറ്റലിയെ മാത്രം മറികടക്കാന്‍ അവര്‍ക്കായിട്ടില്ല. യൂറോ കപ്പിലും ലോകകപ്പിലുമായി എട്ട് മത്സരങ്ങളിലാണ് ഇരു സംഘങ്ങളും ഏറ്റ് മുട്ടിയത്.

ഇന്ന് ഇറ്റലിയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ജര്‍മനിയെ പേടിപ്പിക്കുന്ന ഒരു കണക്കുണ്ട്. പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ ഒന്നിലും ഇത് വരെ ജര്‍മ്മനിക്ക് ഇറ്റലിയെ തോല്‍പ്പിക്കാനായിട്ടില്ല. കഴിഞ്ഞ യൂറോ കപ്പ് സെമിഫൈനലിലടക്കം ജര്‍മനിയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്തത് ഇറ്റലിയാണ്.

സമകാലിക ഫുട്ബോളില്‍ ലോകത്തിലെ ഏറ്റവും മികച്ച സംഘങ്ങളില്‍ ഒന്നാണ് ജര്‍മ്മനി. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അവര്‍‌ ഏഴ് കിരീടങ്ങള്‍ നേടി. 14 ടൂര്‍ണമെന്റുകളില്‍ ഫൈനലിലെത്തി. പക്ഷേ യൂറോ കപ്പോ ലോകകപ്പോ എത്തുമ്പോള്‍ ഇറ്റലിയെ മാത്രം മറികടക്കാന്‍ അവര്‍ക്കായിട്ടില്ല. യൂറോ കപ്പിലും ലോകകപ്പിലുമായി എട്ട് മത്സരങ്ങളിലാണ് ഇരു സംഘങ്ങളും ഏറ്റ് മുട്ടിയത്. 1970 ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അത് നൂറ്റാണ്ടിലെ മത്സരമായി അറിയപ്പെട്ടു. നിശ്ചിത സമയത്ത് മത്സരം ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. അധികസമയത്ത് പിറന്നത് അഞ്ച് ഗോളുകള്‍. 4-3ന്റെ ജയത്തോടെ ഇറ്റലി ഫൈനലിലേക്ക്. സമീപ കാലത്തായി 2006 ലോകകപ്പിലും 2012 യൂറോ കപ്പിലുമാണ് ഇരു ടീമുകളും മുഖാമുഖം വന്നത്.

2006 ലോകകപ്പ് നടന്നത് ജര്‍മ്മനിയില്‍. സ്വന്തം നാട്ടില്‍ കീരിട പ്രതീക്ഷയുമായിറങ്ങിയ ജര്‍മനിയെ സെമിയില്‍ പറഞ്ഞ് വിട്ടു ഇറ്റലിക്കാര്‍. രണ്ട് ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. ഫാബിയോ ഗ്രോസോയും അലസാന്ദ്രോ ഡെല്‍ പീറോയുമായിരുന്നു ഗോള്‍ സ്കോറര്‍മാര്‍. 2012 യൂറോ കപ്പിന്റെ സെമിയില്‍ ജര്‍മനിക്ക് എതിരാളികളായി വീണ്ടും അസൂറികളെത്തി. മരിയോ ബല്ലോടെല്ലിയുടെ അവിസ്മരണീയ പ്രകടനം അവിടെയും ജര്‍മന്‍ സംഘത്തിന് ജയം നിഷേധിച്ചു. യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹര ഗോളുകളില്‍ ഒന്ന് നേടിയാണ് ബല്ലോടെല്ലി മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ന് ക്വാര്‍ട്ടറില്‍ ഈ ഓര്‍മകളായിരിക്കും ഇറ്റലിക്ക് കരുത്ത് പകരുക.

Similar Posts