മെസിക്ക് മേല്‍ ചിലി പറക്കുമോ ? അതോ ചിലിയുടെ ചിറകരിയുമോ ?
|ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അര്‍ജന്റീനയും ചിലിയും കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അര്‍ജന്റീനയും ചിലിയും കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ ചിലി ഇറങ്ങുമ്പോള്‍ കണക്ക് തീര്‍ക്കാനാകും അര്‍ജന്റീനയുടെ ശ്രമം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ അഞ്ചരക്കാണ് ഫൈനല്‍.
മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെ ഈ ഫൈനല്‍ അര്‍ജന്റീനക്കും ചിലിക്കും വികാരങ്ങളുടെ വീണ്ടെടുപ്പാണ്. ഒരു വര്‍ഷം മുമ്പ് ചിലിയിലെ സാന്റിയാഗോ സ്റ്റേഡിയത്തില്‍ നിന്ന് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഇറങ്ങിയ അര്‍ജന്റീനക്ക് കണക്ക് തീര്‍ക്കണം. ഇടക്ക് വെച്ച് ഫുട്ബോള്‍ ഭൂപടത്തില്‍ നിന്ന് മാഞ്ഞ് പോയ ചിലിയെ വീണ്ടെടുത്ത ക്ലോഡിയോ ബ്രാവോക്കും കൂട്ടര്‍ക്കും ആ കിരീടം ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കണം. കണക്കിലും കടലാസിലും കളിയിലും മുമ്പില്‍ അര്‍ജന്റീനയാണെങ്കിലും ആത്മവിശ്വാസത്തോടെയാണ് ചിലിയുടെ നില്‍പ്പ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നഷ്ടപ്പെട്ട താളം ഏഴ് ഗോളടിച്ച് വീണ്ടെടുത്തു ചിലി. സെമിയില്‍ പെക്കര്‍മാന്റെ കൊളംബിയയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പറഞ്ഞ് വിട്ടു.
കലാശക്കളിയില്‍ പക്ഷേ കാര്യങ്ങള്‍ എളുപ്പമാകില്ല. സമഗ്രാധിപത്യത്തിന്റെ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടവരാണ് അര്‍ജന്റീന. അഞ്ച് മത്സരങ്ങളില്‍ നിന്ന് അടിച്ച് കൂട്ടിയ പതിനെട്ട് ഗോളിന്റെ പകിട്ടുണ്ടവര്‍ക്ക്. ഗോള്‍ പോസ്റ്റ് മുതല്‍ മുന്നേറ്റം വരെയുള്ള സുന്ദര ചലനങ്ങള്‍ കൊണ്ട് ഓരോ എതിരാളിയെയും കീഴടക്കിയവര്‍. എല്ലാത്തിനുമുപരിയായി ലയണല്‍ മെസി എന്ന മൈതാനത്തെ കലാകാരന്‍ മുന്നില്‍ നിന്ന് നയിക്കുന്നവര്‍. ആദ്യ മത്സരത്തില്‍ മെസിയില്ലാതെ തന്നെ തങ്ങളെ തോല്‍പ്പിച്ച ആല്‍ബിസെബലിസ്റ്റുകളെ ചിലി പേടിക്കണം. എയ്‍ഞ്ചല്‍ ഡി മരിയ അവസാന കളിക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ ചിലിയുടെ നെഞ്ചിലെ ആധി കൂട്ടും. മൈതാനത്തിന്റെ ഒരു പാതിയില്‍ സാഞ്ചസും വിദാലും വര്‍ഗാസും മറു പാതിയില്‍ മെസിയും മഷരാനോയും ഡി മരിയയും... ബാക്കി , മൈതാനത്ത്.