Sports
മോയിന് ശതകം; ഇംഗ്ലണ്ട് ഭദ്രമായ നിലയില്‍മോയിന് ശതകം; ഇംഗ്ലണ്ട് ഭദ്രമായ നിലയില്‍
Sports

മോയിന് ശതകം; ഇംഗ്ലണ്ട് ഭദ്രമായ നിലയില്‍

Ubaid
|
18 Aug 2017 11:48 PM GMT

ഓപ്പണര്‍മാരെ എളുപ്പം നഷ്ടമായ സന്ദര്‍ശകര്‍ക്ക് തുണയായത് മോയിന്‍ അലി- റൂട്ട് സഖ്യമാണ്

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇന്നിറങ്ങും. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറി നേടിയ മൊയീന്‍ അലിയും അര്‍ധ സെഞ്ച്വറി നേടിയ ജോ റൂട്ടുമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.

അരങ്ങേറ്റത്തില്‍ ശതകത്തോടെ ശ്രദ്ധേയനായ ഓപ്പണര്‍ ജെന്നിങ്സിനെയാണ് സന്ദര്‍ശകര്‍ക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ പേസര്‍ ഇശാന്ത് ശര്‍മക്കാണ് വിക്കറ്റ്. കേവലം ഒരു റണ്‍ മാത്രമാണ് ജെന്നിങ്സിന് നേടാനായത്. പരമ്പരയില്‍ അഞ്ചാം തവണയും ജഡേജയുടെ ഇരയായി കുക്ക് മടങ്ങുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. സ്ലിപ്പില്‍ മനോഹരമായ ഒരു ക്യാച്ചിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയാണ് കുക്കിന് മടക്ക ടിക്കറ്റ് നല്‍കിയത്. തുടര്‍ന്നായിരുന്നു റൂട്ടും അലിയും ചേര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനം. ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കി കരുതലോടെ നിലയുറപ്പിച്ച അലിയും കളിയുടെ കടിഞ്ഞാണ്‍ ഇംഗ്ലണ്ടിന്‍റെ കൈകളില്‍ തിരികെയെത്തിച്ചു.

88 റണ്‍സെടുത്ത റൂട്ട് വീണതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇന്ത്യക്കായത്. തുടര്‍ന്ന് കളത്തിലെത്തിയ ബെയര്‍സ്റ്റോയും മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 48 റണ്‍സെടുത്ത ബെയര്‍സ്റ്റോവിന് സാക്ഷി നിര്‍ത്തി അലി നൂറിന്‍റെ നിറവിലേക്ക് ഒഴുകിയെത്തി. മൂന്നു വിക്കറ്റുകളോടെ ജഡേജയാണ് ഇംഗ്ലണ്ടിന് ഇന്ന് കൂടുതല്‍ ഭീഷണിയുയര്‍ത്തിയത്.

ഇശാന്തിന് പുറമെ അമിത് മിശ്രയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ആധികാരിക ജയം നേടിയ കൊഹ്‍ലിയും സംഘവും പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.

Related Tags :
Similar Posts