മെഡല്‍ പ്രതീക്ഷയോടെ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍
|ആദ്യ റൌണ്ടില്‍ ജോര്‍ജിയന്‍ താരത്തെയും രണ്ടാം റൌണ്ടില്‍ ഇറ്റാലിയന്‍ താരത്തെയുമാണ് പരാജയപ്പെടുത്തിയത്.
അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ റൌണ്ടില്‍ ജോര്‍ജിയന്‍ താരത്തെയും രണ്ടാം റൌണ്ടില്‍ ഇറ്റാലിയന്‍ താരത്തെയുമാണ് പരാജയപ്പെടുത്തിയത്. ഇന്ന് വൈകിട്ട് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തായ്പേയിയുടെ താന്യാ തിങാണ് ദീപികയുടെ എതിരാളി.
ലോക റാങ്കില്‍ എട്ടാം സ്ഥാനത്തുള്ള ജോര്‍ജിയയുടെ ക്രിസ്റ്റീന എസബ്യൂവയായിരുന്നു ആദ്യ റൌണ്ടില്‍ എതിരാളി . ആദ്യ സെറ്റ് 27-26 ന് ദീപിക സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് സമനിലയായി. മുഴുവന്‍ പോയിന്റും നേടി മൂന്നാം സെറ്റ് ദീപിക കൈപ്പിടിയിലൊതുക്കി. എന്നാല്‍ നാലാം സെറ്റ് 29-27 ന് ജോര്‍ജിയന്‍ താരം പിടിച്ചെടുത്തു. നിര്‍ണായകമായ അഞ്ചാം സെറ്റ് സമനിലയായതോടെ ആറ് പോയിന്റുമായി ദീപിക രണ്ടാം റൌണ്ടിലേക്ക്.
രണ്ടാം റൌണ്ടില്‍ ഇറ്റലിയുടെ ഗ്വാന്റലിന് സതോറിയെയായിരുന്നു നേരിടേണ്ടിയിരുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് ആദ്യ സെറ്റ് ദീപികക്ക് വിട്ടുകൊടുക്കേണ്ടി വന്നു. എന്നാല്‍ രണ്ട് തവണ പത്ത് പോയിന്റ് നേടി 29-26 ന് രണ്ടാം സെറ്റ് ദീപിക സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ഇറ്റാലിയന്‍ താരത്തിന് തിരിച്ചുവരാന്‍ അവസരവും നല്‍കിയില്ല. ഒടുവില്‍ നാലാം സെറ്റും സ്വന്തമാക്കി ദീപിക പ്രീക്വാര്‍ട്ടറിലേക്ക്. ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം തായ്പേയിയുടെ താന്യാ തിങിനെയാണ് ദീപികക്ക് നേരിടേണ്ടത്.