സണ്‍റൈസേഴ്സിനെ കീഴടക്കി ഡെവിള്‍സ്
|ഹൈദരാബാദ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 3 വിക്കറ്റ് നഷ്ടത്തില്‍ 11 പന്ത് ശേഷിക്കെ മറികടന്നു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 7 വിക്കറ്റ് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 3 വിക്കറ്റ് നഷ്ടത്തില്‍ 11 പന്ത് ശേഷിക്കെ മറികടന്നു. ക്രിസ് മോറിസാണ് കളിയിലെ താരം.
തുടര്‍ച്ചയായ നാല് ജയങ്ങള്‍ക്കൊടുവില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ ഡല്‍ഹിക്ക് മുന്നില്‍ മുട്ടുകുത്തി. 46 റണ്‍സെടുത്ത ഡേവിഡ‍് വാര്‍ണര്‍, 34 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ 27 റണ്‍സെടുത്ത് കെയ്ന്‍ വില്ല്യംസണ്‍, ഹൈദരാബാദിന്റെ റണ്‍വേട്ട ഏതാണ്ടിവിടെ അവസാനിച്ചു. പിന്നാലെയെത്തിയ യുവരാജ് സിങ്ങിനെയും ഹെന്‍റിക്സിനെയും ഒക്കെ രണ്ടക്കം കാണിക്കാതെ ഡല്‍ഹി തിരിച്ചയച്ചു. നതാന്‍ കോള്‍ട്ടര്‍ നിലെയും ക്രിസ് മോറിസും അമിത് മിശ്രയും നിര്‍ണായകവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഡല്‍ഹിയുടെ ചെറുത്തുനില്‍പ്പ് 146ല്‍ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമായിരുന്നു. എന്നാല്‍ 44 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്ക് പുറത്തായതോടെ ഡല്‍ഹി അപകടം മണത്തു. മായങ്ക് അഗള്‍വാളും കരുണ്‍ നായരും ചെറിയ റണ്ണില്‍ പുറത്താകുകയും ചെയ്തു. എന്നാല്‍ അവസാന വിക്കറ്റില്‍ ഒന്നിച്ച മലയാളി താരം സഞ്ജു വി സാംസണും റിഷാബ് പന്തും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 72 റണ്‍സ് കൂട്ടുകെട്ട് ഡല്‍ഹി ഇന്നിംഗ്സില്‍ നിര്‍ണായകമായി. ജയത്തോടെ ലഭിച്ച 2 പോയിന്റുമായി ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 14 പോയിന്റുള്ള ഹൈദരാബാദ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.