ഒളിമ്പിക്സിന് തിരശ്ശീല ഉയരുമ്പോള്‍ പ്രാര്‍ഥനയുമായി ഒരു ഗ്രാമം
|മുഹമ്മദ് അനസിന്റെ വീട്ടുകാരും നാട്ടുകാരും അനസ് തങ്ങളുടെയും രാജ്യത്തിന്റെ തന്നെയും അഭിമാനമായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ്
റിയോ ഒളിമ്പിക്സിന് തിരശ്ശീല ഉയരുമ്പോള്‍ പ്രാര്‍ഥനയുമായി ഒരു ഗ്രാമം. നിലമേലെന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ഒളിമ്പിക്സിന്റെ മഹാവേദിയിലേക്ക് ഓടിക്കയറിയ മുഹമ്മദ് അനസിന്റെ വീട്ടുകാരും നാട്ടുകാരും അനസ് തങ്ങളുടെയും രാജ്യത്തിന്റെ തന്നെയും അഭിമാനമായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
ആഗസ്റ്റ് 12ന് ഇന്ത്യന്‍സമയം പുലര്‍ച്ചെ നാല് മണിക്ക് മുഹമ്മദ് അനസ് റിയോയിലെ ട്രാക്കിലിറങ്ങുമ്പോള്‍ നിലമേലെ ഈ കൊച്ചുവീട് ഉണര്‍ന്നിരിക്കും, ഈ നാട്ടുകാരും. 400 മീറ്ററിലും 4X400 മീറ്റര്‍ റിലേയിലുമാണ് അനസ് മത്സരിക്കുന്നത്. ഈ മെഡലുകളുടെ കൂട്ടത്തില്‍ തിളക്കമേറിയ ഒരു ഒളിമ്പിക് മെഡല്‍ കൂടിയുണ്ടാകുമെന്ന് അനസിന്റെ ഉമ്മ സ്വപ്നം കാണുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും മക്കളുടെ കായിക മോഹങ്ങള്‍ക്കായി മാറ്റിവെച്ചതാണ് വിധവയായ ഷീനയുടെ ജീവിതം.
കായിക പാരമ്പര്യമോ സൌകര്യങ്ങളോ ഇല്ലാത്ത പ്രദേശത്ത് നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള താരത്തെ കണ്ടെത്തിയത് മുന്‍ അത്‍ലറ്റ് കൂടിയായ അന്‍സാറാണ്. നിലമേല്‍ എന്‍എസ്എസ് കോളജിലെ ഈ മൈതാനത്ത് ഓടിപ്പഠിച്ച അനസിനെ പ്ലസ്ടുവിന് കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെത്തിച്ചത് വഴിത്തിരിവായി. ലോങ് ജംപില്‍ ജൂനിയര്‍ നാഷനല്‍ മെഡല്‍ ജേതാവാണ് അനസിന്റെ അനുജന്‍ അനീസ്.