ഷോട്ട്പുട്ട് താരം ഇന്ദ്രജിത്ത് സിംഗും ഉത്തേജകമരുന്ന് വിവാദത്തില്‍
|ഇന്ദ്രജിത്തിന് ഒളിമ്പിക്സ് നഷ്ടമാകാന്‍ സാധ്യത
റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ ഷോട്ട്പുട്ട് താരം ഇന്ദ്രജിത് സിംഗും ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയില്‍. ജൂണ്‍ 22ന് നാഡ നടത്തിയ എ സാമ്പിള്‍ പരിശോധനയിലാണ് ഇന്ദ്രജിത് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇക്കാര്യം അറിയിച്ച് നാഡ അതലറ്റിക് ഫെഡറേഷന് കത്ത് നല്കി. ഗുസ്തി താരം നര്‍സിംഗ് യാദവും ഡോപിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടതായി നേരത്തെ തെളിഞ്ഞിരുന്നു.
റിയോ ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ്, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് രണ്ടാമത്തെ താരവും ഡോപിം ടെസ്റ്റില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ ഏഷ്യന്‍ അതലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഹരിയാന സ്വദേശിയായ ഷോട്ട്പുട്ട് താരം ഇന്ദ്രജിത് സിംഗാണ് ഇത്തവണ കുടുങ്ങിയത്.
ജൂണ്‍ 22നാണ് നാഡ ഇന്ദ്രജിത് സിംഗിന്റെ എ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചത്. സാമ്പിള്‍ പോസിറ്റിവാണെന്നറിയിച്ച് കഴിഞ്ഞ ദിവസം നാഡ അതലറ്റിക് ഫെഡറേഷന് കത്ത് നല്കി. താരത്തെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബി സാമ്പിള്‍ പരിശോധനക്കായി ഹാജരാകാന്‍ നാഡ താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും പോസിറ്റീവായാല്‍ ഇന്ദ്രജിത് സിംഗ് ഒളിമ്പിക്സില്‍ നിന്ന് പുറത്താകും.
ഒളിമ്പിക്സിനായി യുഎസിലെ പെന്സില്വാനിയിലായിരുന്നു ഇന്ദ്രജിത് പരിശീലനം നടത്തിയിരുന്നത്. ഇവിടെ വെച്ചായിരിക്കാം ഇന്ദ്രജിത് നിരോധിത മരുന്ന് ഉപയോഗിച്ചതെന്നാണ് അതലറ്റിക് ഫെഡറേഷന് കരുതുന്നത്. യുഎസിലായിരിക്കെ ഉത്തേജക മരുന്ന് പരിശോധനക്കായി നാഡ സമീപിച്ചപ്പോള്‍ ഇന്ദ്രജിത് ഒഴിഞ്ഞ് മാറിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രിക്സ് അതലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പരിശോധനക്ക് സന്നദ്ധനായത്. അതേസമയം പരിശോധന ഫലം പോസിറ്റീവായതില്‍ ഗുഢാലോചനയുണ്ടെന്ന് ഇന്ദ്രജിത് ആരോപിച്ചു.