ഷര്‍ദുള്‍ താക്കൂര്‍ - ശരീര ഭാരം കൊണ്ട് ശ്രദ്ധ നേടിയ ഇന്ത്യന്‍ കംഗാരു
|83 കിലോ തൂക്കവുമായി ഓടിയടുക്കുന്ന താക്കൂറിനെ കണ്ട് സാക്ഷാല്‍ സച്ചിന് തന്നെ ഒരു ഉപദേശം നല്കി - ക്രിക്കറ്റിനെ സാരമായി എടുക്കുന്നുണ്ടെങ്കില്‍......
ആധുനിക ക്രിക്കറ്റിലെ സംഹാരനായകരില് ഒരാളായ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിന്റെ ബാറ്റിന്റെ ചൂടറിയാത്ത ബൌളര്‍മാര്‍ വിരളമാണ്. ഈയടുത്ത് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിന് എത്തിയപ്പോള്‍ നടന്ന പരിശീലന മത്സരത്തില്‍ ഡിവില്ലിയേഴ്സ് ഒരു പന്ത് ബൌണ്ടറി കടത്തിയതിനെ തുടര്‍ന്ന് ബൌളര്‍ ഒരു സംശയവുമായി ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ അടുത്തെത്തി. തന്റെ വിലയിരുത്തലില്‍ വളരെ നല്ല പന്തായിട്ടും എന്തുകൊണ്ട് നിഷ്കരുണം അടിച്ചു പറത്തി എന്നായിരുന്നു യുവ ബൌളര്‍ക്ക് അറിയേണ്ടിയിരുന്നത്. തനിക്ക് അതൊരു മോശം പന്തായിട്ടാണ് തോന്നിയതെന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ മറുപടി. ചോദ്യവുമായി ചെന്ന ആ ബൌളറെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം തന്നെ അത്രയ്ക്ക് അറിഞ്ഞു തുടങ്ങിയിരുന്നില്ല, വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇന്ന് സ്ഥാനം പിടിച്ച ഷര്‍ദുള്‍ താക്കൂറായിരുന്നു ആ ബൌളര്‍.
പേസറാണെങ്കിലും മാരക വേഗത്തിന്റെ ഉടമയൊന്നുമല്ല താകൂര്‍. വേഗതയെക്കാള്‍ സ്വിങിലാണ് താക്കൂറിന്റെ കരുത്ത്. ഔട്ട് സ്വിങറുകള്‍ സ്വാഭാവികമായി എന്നോണം ഒഴികിയെത്തുന്ന ഒരു ബൌളര്‍. ഇടംങ്കയ്യന്‍ ബാറ്റ്സ്മാന്മാരെ കുഴക്കുന്ന തരത്തില്‍ മാരകമായ ഇന്‍ സ്വിങ് കൂടി അടുത്തകാലത്തായി വളര്‍ത്തിയെടുത്തിട്ടുണ്ട് ഠാക്കൂറിപ്പോള്. ബൌളിങിനായി ഓടി അടുക്കുന്ന താക്കൂറില്‍ ഒരു ആസ്ത്രേലിയന്‍ പേസറുടെ സാമ്യതകള്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ബൌളിങ് ആക്ഷനില്‍ തോളിന് പ്രാധാന്യം കൊടുക്കുന്ന കംഗാരുക്കളുടെ രീതി തന്നെയാണ് താക്കൂറിന്റെയും. ബൌണ്സറുകളോടുള്ള കംഗാരുക്കളുടെ പ്രണയവും അതുപോലെ കടമെടുത്തിട്ടുള്ള ഈ യുവതാരം പ്രാദേശിക മത്സരങ്ങളില്‍ ഫലപ്രദമായി തന്നെ ഇവ ഉപയോഗപ്പെടുത്താറുമുണ്ട്.
ഓസീസ് ഇതിഹാസം മഗ്രാത്തുമൊത്ത് എംആര്‍എഫ് പേസ് അക്കാഡമിയില്‍ ചെലവിട്ട ദിനങ്ങളാണ് താക്കൂറിലെ ബൌളര്‍ക്ക് പൂര്‍ണത നല്‍കിയത്. പിന്നീട് സഹീര്ഖാന് കീഴില്‍ കളിക്കാന്‍ തുടങ്ങിയതോടെ പേസ് ബൌളിങിലെ വിവിധ തന്ത്രങ്ങള്‍ താക്കൂര്‍ സ്വന്തമാക്കി തുടങ്ങി. ഓരോ സീസണിലും പിച്ചിന് അനുസരിച്ച് ഒരു പേസര്‍ ഏതുരീതിയില്‍ സജ്ജമാകണമെന്ന് പഠിപ്പിച്ചത് സഹീറാണ്. 2013 ല്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച താക്കൂര്‍ പക്ഷേ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത് ബൌളിങിന്റെ പേരിലായിരുന്നില്ല, മറിച്ച് ശരീര ഭാരത്തിന്റെ പേരിലായിരുന്നു. 83 കിലോ തൂക്കവുമായി ഓടിയടുക്കുന്ന താക്കൂറിനെ കണ്ട് സാക്ഷാല്‍ സച്ചിന് തന്നെ ഒരു ഉപദേശം നല്കി - ക്രിക്കറ്റിനെ സാരമായി എടുക്കുന്നുണ്ടെങ്കില്‍ ഭാരം കുറയ്ക്കുക. ഇതിഹാസത്തിന്റെ വാക്കുകള്‍ കേട്ട് 13 കിലോ കുറച്ചാണ് താക്കൂര്‍ എത്തുന്നത്. അന്തര്‍ദേശീയ വേദികളില്‍ ഓളമായി മാറാന്‍ ഈ യുവതാരത്തിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. ഒന്നുറപ്പിക്കാം - ഇന്ത്യ കണ്ടുമടുത്ത പേസര്‍മാരുടെ രൂപമോ താളമോയല്ല ഈ യുവ താരത്തിന്