കുംബ്ലെയുടെ നിയമനം പ്രോത്സാഹനപരമായ തീരുമാനമെന്ന് ചാപ്പല്‍
|എന്നാല്‍ ഇത്തരമൊരു വലിയ മാറ്റത്തിന് ആദ്യം വേണ്ടത് മുതിര്‍ന്ന താരങ്ങള്‍ ഏറ്റവും കുറഞ്ഞ പക്ഷം നായകനെങ്കിലും (ഗാംഗുലി) ഇതിനായി പരിശ്രമിച്ച് സ്വയം മാതൃകയാകുകയാണ്. ദൌര്‍ഭാഗ്യവശാല്‍......
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനായി അനില്‍ കുംബ്ലെയെ നിയമിച്ചത് പ്രോത്സാഹനപരമായ തീരുമാനമാണെന്ന് മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. കുംബ്ലെയും കൊഹ്‍ലിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചോരാത്ത ആത്മവീര്യമാണ് കുംബ്ലെയുടെ ഏറ്റവും വലിയ കരുത്ത്. രാഹുല്‍ ദ്രാവിഡിന്‍റെ ആത്മാവിലെ ഹൃദയമാണ് കുംബ്ലെ. സ്വന്തം വീരകൃത്യങ്ങള്‍ കുംബ്ലെ ഒരിക്കലും വിളിച്ചു പറയാറില്ല. എന്നാല്‍ ടീമിനായി ഇത്രത്തോളം സ്വയം സമര്‍പ്പിക്കുന്നവര്‍ ആരുമില്ലെന്ന് പറയേണ്ട കാര്യമില്ല. ബാറ്റ് കൊണ്ടായാലും ബോള്‍ കൊണ്ടായാലും മറ്റൊരു ഇന്ത്യന്‍ താരത്തേക്കാളും വീര്യത്തോടെയാണ് കളിക്കളത്തില്‍ കുംബ്ലെ പോരാടിയിരുന്നത്.
സ്വന്തസിദ്ധമായി ലഭിക്കുന്ന കഴിവ് മാത്രം കണക്കിലെടുത്ത് പ്രത്യേക പരിശ്രമങ്ങള്‍ക്ക് വഴങ്ങാത്ത ഇന്ത്യന്‍ നിലപാടിന് മാറ്റം വരുത്താന്‍ കുംബ്ലെയ്ക്ക് കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ചാപ്പല്‍ ഗാംഗുലി ഉള്‍പ്പെടെയുള്ള താരങ്ങളെ പരിഹസിക്കാനും മറന്നില്ല.
കഠിനമായ പരിശ്രമത്തിന് മുതിരാതെ കുറുക്കുവഴികള്‍ക്ക് പിന്നാലെ പായാനായിരുന്നു തുടക്കം മുതല്‍ ഇന്ത്യന്‍ ടീമുകളുടെ ഏറ്റവും വലിയ ബലഹീനത. ഇത് മാറ്റിമറിക്കുകയായിരുന്നു എന്‍റെ ഏറ്റവും വലിയ ദൌത്യം. എന്നാല്‍ ഇത്തരമൊരു വലിയ മാറ്റത്തിന് ആദ്യം വേണ്ടത് മുതിര്‍ന്ന താരങ്ങള്‍ ഏറ്റവും കുറഞ്ഞ പക്ഷം നായകനെങ്കിലും (ഗാംഗുലി) ഇതിനായി പരിശ്രമിച്ച് സ്വയം മാതൃകയാകുകയാണ്. ദൌര്‍ഭാഗ്യവശാല്‍ ഇതുണ്ടായില്ല. ദ്രാവിഡ് നായകനായെത്തിയപ്പോഴാണ് ഇതിനൊരു മാറ്റമുണ്ടായത്. അടുത്ത 12 മാസം ഇത് ടീമിന്‍റെ പ്രകടനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നതായും ചാപ്പല്‍ പറഞ്ഞു.